പത്തനംതിട്ട: ശബരിമലയിലെ പൊലീസിന്റെ പുതിയ നിയന്ത്രണ പ്രകാരം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്തുനിന്ന് തിരിച്ചെത്താതിനാല്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് വി മുരളീധരന്‍ എംപി സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. പ്രതിഷേധക്കാരെന്നു സംശയിച്ചാണ് എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിനോടു വിശദീകരണം തേടാനാണു ശ്രമമെന്ന് എംപി പ്രതികരിച്ചു. മറ്റൊരു ബിജെപി എംപിയായ നളിന്‍ കുമാര്‍ കട്ടീലും വി മുരളീധരനൊപ്പം പ്രതിഷേധിക്കുന്നുണ്ട്. നടപ്പന്തലില്‍ നിന്ന് ഫെയ്സ്ബുക്കില്‍ ലൈവ് നാമജപം നടത്തിയ ഒരാളെയും കസ്റ്റഡിയിലെടുത്തുട്ടിണ്ട്. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു.
കൊല്ലം ജില്ലയിലെ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്‌എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ കുറച്ച് സമയം കരുതല്‍ തടങ്കലിലാക്കിയ ശേഷം എട്ടു പേരെയും നിലയ്ക്കലിലേക്ക് തിരിച്ചയച്ചു. എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി.
ദര്‍ശനം നടത്തണമെങ്കില്‍ അതിനുള്ള സൗകര്യം ചെയ്യാമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധങ്ങളെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പോലീസിന്റെ നിരീക്ഷണത്തിനൊടുവിലാണ് എട്ട് പേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം മുംബൈയില്‍ നിന്നുള്ള 110 അംഗ തീര്‍ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.