തിരുവനന്തപുരം: പ്രളയാനന്തരം ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് കൊതുകു നിയന്ത്രണ - നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ ഊര്‍ജിതമാക്കിയിരുന്നു. എങ്കിലും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് ഡെങ്കിപ്പനി കേസുകള്‍ അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള മുന്നറിയിപ്പ് ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. കെ.ജെ. റീന നല്കി.
ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്ളാവി ഡെ കുടുംബത്തില്‍പ്പെട്ട ഫ്ളാവി വൈറസുകളാണ് രോഗകാരണം. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഡെങ്കിപ്പനി മാരകമാവുകയില്ല.
രോഗലക്ഷണങ്ങള്‍: പെട്ടെന്നുള്ള കഠിനമായ പനി, തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നിലെ വേദന, വിശപ്പില്ലായ്മ, ചുവന്ന തടിപ്പുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്പോള്‍ കഠിനമായ വയറുവേദന, ദേഹത്തില്‍ ചുവന്ന പാടുകള്‍, നിര്‍ത്താതെയുള്ള ഛര്‍ദി, ശരീരത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം എന്നിവയുണ്ടാകാം.
ചികിത്സ: ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡെങ്കി ചികിത്സാ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഡെങ്കി ചികിത്സയും റഫറലും എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വിവിധതരം രക്തപരിശോധനകള്‍, രക്തം കയറ്റല്‍, പ്ലാസ്മ/പ്ലേറ്റ്ലെറ്റ് തുടങ്ങിയവ നല്‍കുന്നതും മേല്പറഞ്ഞ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം.
ഡെങ്കിപ്പനി ഗുരുതരമാകാതെ സൂക്ഷിക്കുക: പ്രായാധിക്യമുള്ളവര്‍, ഒരുവയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍, പ്രമേഹം, രക്താദിസമ്മര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെ ഡെങ്കിപ്പനി ബാധിച്ചാല്‍ അപകടസാധ്യത കൂടുതലാണ്. അതിനാല്‍ പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. രോഗബാധിതര്‍ക്ക് ധാരാളം പാനീയവും (കട്ടിയുള്ള ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍, മറ്റ് പാനീയങ്ങള്‍) സന്പൂര്‍ണ വിശ്രമവും അത്യാവശ്യമാണ്.
കൊതു നിയന്ത്രണ മാര്‍ഗങ്ങള്‍: കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലന്പനി, മന്ത് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി കൊതുക്, കൂത്താടി നിയന്ത്രണമാണ്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. നാം വലിച്ചെറിയുന്ന ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് തുടങ്ങിയ ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ ഉറവിടം. ആഴ്ചയിലൊരിക്കല്‍ നമ്മുടെ തൊടിയിലും പറന്പിലും നിന്ന് ഇവ സുരക്ഷിതമായി സംസ്കരിക്കേണ്ടതാണ്.
പ്രളയപ്രദേശങ്ങളിലെ വീടുകള്‍ക്ക് ചുറ്റും അടിഞ്ഞുകൂടിയ പാഴ്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക. വീടിന്റെ ടെറസിലും സണ്‍ഷെയ്ഡിലും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുക. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രം, വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം നല്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റി കൂത്താടി വളരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
പറന്പില് വെള്ളംകെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കരിക്കിന്‍തൊണ്ട്, കമുകിന്‍പാള, മരപ്പൊത്തുകള്‍ എന്നിവ നശിപ്പിക്കുകയും റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുകയും ചെയ്യുക. സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വലകൊണ്ട് മൂടിക്കെട്ടുക. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നും വെള്ളം മുഴുവനും ഒഴുകിപ്പോയതിനുശേഷം ബാക്കി നില്ക്കുന്ന ചെറിയ വെള്ളക്കെട്ടുകളെ ഒഴുക്കിക്കളയാന്‍ ശ്രദ്ധിക്കുക.ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക.
വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് മനുഷ്യരെ കടിക്കുന്നത് പ്രധാനമായും പകല്‍ സമയത്ത് ആയതിനാല്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ദേഹം മുഴുവന്‍ മുടുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്. കൊതുകുകടിയില്‍ നിന്ന് രക്ഷനേടാന്‍ വിപണിയില്‍ ലഭ്യമാകുന്ന കൊതുക് നിവാരണ ലേപനങ്ങളും റിപ്പലന്റുകളും കൊതുകു വലകളും ഉപയോഗിക്കുക. തുറസായ സ്ഥലത്ത് കിടന്നുറങ്ങാതിരിക്കുക. പനി ഒരേ സ്ഥലത്ത് കൂടുതല്‍ പേര്‍ക്ക് വരുന്നെങ്കില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണ്.