• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പത്മാവത്: സ്കൂൾ കുട്ടികൾക്കു നേരെയും അക്രമം; ദീപികയുടെ മൂക്ക് മുറിച്ചാൽ കോടികൾ

ഗുഡ്ഗാവ്∙ പത്മാവത് ചലച്ചിത്ര വിവാദത്തിന്റെ പേരിൽ ആക്രമണം കുട്ടികൾക്കു നേരെയും. ഗുഡ്ഗാവിലാണ് സ്കൂൾ ബസിനു നേരെ രജ്പുത് കർണി സേന പ്രവർത്തകര്‍ കല്ലെറിഞ്ഞത്.  സിനിമയ്ക്കെതിരെ പ്രതിഷേധപ്രകടനം നടക്കുന്നതിനിടെ സമീപത്തു കൂടെ പോയ ബസിനു നേരെ കല്ലേറു നടത്തുകയായിരുന്നു. സ്കൂൾ ബസിനു തൊട്ടു മുന്നിലുണ്ടായിരുന്ന സർക്കാർ ബസിനു തീയിട്ടതിനു പിന്നാലെയായിരുന്നു കല്ലേറ്.

ജിഡി ഗോയങ്ക വേള്‍ഡ് സ്കൂളിലെ രണ്ടാം ക്ലാസിലെ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കൊപ്പം അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ബസിലുണ്ടായിരുന്നു. സീറ്റിന്റെ മറവിൽ പതുങ്ങിയാണ് പലരും കല്ലേറിൽ നിന്നു രക്ഷപ്പെട്ടത്. പലരും ഭയം കൊണ്ട് നിലവിളിച്ചു. കല്ലേറിനെത്തുടർന്ന് കുട്ടികൾ വാഹനത്തിൽ കിടന്നാണു രക്ഷപ്പെട്ടത്. അധ്യാപകർ കുട്ടികൾക്ക് മറ തീർക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ബസിനകത്ത് കുട്ടികൾ അനുഭവിച്ച പ്രശ്നങ്ങളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ബസിലാകെ ചില്ലുകഷ്ണങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. സംഭവം നടക്കുമ്പോൾ പൊലീസ് സമീപത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്നും അധ്യാപകർ പരാതി പറയുന്നു. ഡൽഹി–ജയ്പുർ ദേശീയപാതയും അക്രമികൾ ഉപരോധിച്ചു.

പത്മാവതിന്റെ റിലീസ് തടയരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും 25ന് കർണി സേനയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സിനിമയുടെ പേരിൽ വൻ അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്.

ഉത്തർപ്രദേശിൽ രജ്പുത്ത് വിഭാഗത്തിൽപ്പെട്ടവർ തിയേറ്ററുകൾക്കും മാളുകൾക്കും മുന്നിൽ വൻ പ്രതിഷേധം അഴിച്ചുവിട്ടു.  ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ചു നൽകുന്നവർക്ക് കാൺപുർ ക്ഷത്രിയ മഹാസഭ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടി കാൺപുരിൽ നിന്നു മാത്രം കോടികൾ ശേഖരിച്ചതായും മഹാസഭ പ്രസിഡന്റ് ഗജേന്ദ്ര സിങ് പറഞ്ഞു.

സിനിമ പ്രദർശിക്കുന്നയിടങ്ങളിലെല്ലാം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ചിത്രം ഉത്തർപ്രദേശിൽ പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് രജ്പുത് കർണി സേന അംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. സിനിമ പ്രദർശിപ്പിക്കുകയാണെങ്കിൽ അതു കാണാനെത്തുന്നവരെ തിയേറ്ററുകളിൽ തടയുമെന്നും സേന പ്രവർത്തകർ പറഞ്ഞു.

ഹരിയാനയും മധ്യപ്രദേശിലും കൊൽക്കത്തയിലും വൻതോതിലാണ് തിയേറ്ററുകൾക്കു മുന്നിൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. മുംബൈയിൽ മുൻകരുതലായി നൂറോളം കർണിസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top