• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാമുവലിന്റെ ആരോപണം തള്ളി 'സുഡാനി ഫ്രം നൈജീരിയ' നിര്‍മാതാക്കള്‍;

സുഡാനി ഫ്രം നൈജീരിയയിലെ സുഡുവിനെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും. തനിക്ക്‌ അര്‍ഹിക്കുന്ന പ്രതിഫലം തരുന്നതില്‍ നിര്‍മാതാക്കള്‍ വീഴ്‌ച വരുത്തിയെന്നും ഇത്‌ വംശീയ വിവേചനമാണെന്നും ആരോപിച്ച്‌ സാമുവേല്‍ അബിയോള റോബിന്‍സണ്‍ രംഗത്തെത്തിയിരുന്നു.ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നതാണ്‌ നിര്‍മാതാക്കളുടെ വിശദീകരണം.

കരാര്‍ പ്രകാരമുള്ള തുക നടന്‌ കൈമാറിയിട്ടുണ്ടെന്നും ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം കൂടി എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ സമയമെടുക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിഹിതം കരാറിന്‌ പുറത്തുള്ള 'ഒരു ധാര്‍മ്മികമായ ചിന്ത' മാത്രമാണെന്നും നിര്‍മാതാക്കള്‍ അടിവരയിടുന്നു. 

സംവിധായകരും ഛായാഗ്രാഹകരുമായ സമീര്‍ താഹിറും ഷൈജു ഖാലിദും പങ്കാളികളായ ഹാപ്പി അവേഴ്‌സ്‌ എന്റര്‍ടൈന്‍മെന്‍റ്‌ എന്ന ചലച്ചിത്ര നിര്‍മാണക്കമ്ബനിയാണ്‌ സുഡാനി ഫ്രം നൈജീരിയ നിര്‍മിച്ചിരിക്കുന്നത്‌. ഹാപ്പി അവേഴ്‌സ്‌ എന്റര്‍ടൈന്‍മെന്‍റിന്റെ ഫേസ്‌ബുക്ക്‌ പേജിലാണ്‌ സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും പേരിലുള്ള വിശദീകരണം.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം : 

സാമുവല്‍ അബിയോള റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയിലൂടെ Happy Hours Entertainmentനെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.

രണ്ട് ആരോപണങ്ങളാണ് Happy Hours Entertainmentനെതിരെ സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ചിരിക്കുന്നത്:

1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്.
2. കുറഞ്ഞ പ്രതിഫലം നല്‍കാന്‍ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

മേല്‍ ആരോപണങ്ങള്‍ക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവല്‍ അബിയോള റോബിന്‍സണിന് കുറഞ്ഞ വേതനമാണോ നല്‍കിയത്?

ചെറിയ നി൪മ്മാണചെലവില്‍ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് മേല്‍ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നല്‍കിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.

സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകള്‍ക്കും ആ സന്തോഷത്തില്‍ നിന്നുള്ള അംശം ലഭ്യമാക്കാന്‍ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങള്‍ പങ്കുവെച്ചിരുന്നു. സിനിമ നിലവില്‍ വിജയകരമായി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നല്‍കിയ വിലകല്‍പിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താന്‍ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നല്‍കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങള്‍ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്ത തുകയില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങള്‍ക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങള്‍ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകള്‍ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

സസ്നേഹം,

ഹാപ്പി ഹവേഴ്സിന് വേണ്ടി,

സമീ൪ താഹി൪

ഷൈജു ഖാലിദ്.

Top