ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞുള്ള മാസമോ നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്‌ഖ് റാഷിദ് അഹമ്മദ്. കശ്‌മീരിലെ പോരാട്ടത്തിന് തീരുമാനമാക്കേണ്ട സമയം വന്നിരിക്കുകയാണെന്നും റാവല്‍പിണ്ടിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ പാക്ക് മന്ത്രി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ മുസ്‌ലിം വിരുദ്ധത ജിന്ന നേരത്തേ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയുമായി ഇനിയും ചര്‍ച്ചയുടെ സാധ്യതകള്‍ തേടുന്നവര്‍ മണ്ടന്‍മാരാണെന്നും പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ആരോപിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണവായുധ യുദ്ധത്തെക്കുറിച്ചു പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു ദിവസത്തിനിപ്പുറമാണ് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രിയുടെ പ്രസ്‌താവന. കശ്‌മീരിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും ആണവായുധം ഉപയോഗിക്കുന്നതിനു ഭയമൊന്നുമില്ലെന്നും ഇമ്രാന്‍ കഴിഞ്ഞ ദിവസം ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞിരുന്നു.
കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ രാജ്യാന്തര പിന്തുണ നേടാനുള്ള പാക്ക് ശ്രമം പരാജയപ്പെടുകയാണുണ്ടായത്.