• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാലാരിവട്ടം പാലം അഴിമതി: ഉന്നത നേതാക്കള്‍ക്കു പങ്കെന്ന്‌ വിജിലന്‍സ്‌

പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി വിജിലന്‍സ്‌. പാലം നിര്‍മാണക്കമ്പനി ആര്‍ഡിഎസ്‌ പ്രൊജക്ട്‌സ്‌ എംഡി സുമിത്‌ ഗോയലിന്റെ ഉള്‍പ്പടെ അറസ്റ്റിലുള്ളവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത്‌ വിജിലന്‍സ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ സുമിത്‌ ഗോയലാണെന്നിരിക്കെ കേസില്‍ പങ്കുള്ള പ്രമുഖരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അതുകൊണ്ടു തന്നെ പ്രതിക്ക്‌ ഇപ്പോള്‍ ജാമ്യം നല്‍കുന്നത്‌ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ തടസമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

പാലാരിവട്ടം പാലം നിര്‍മാണത്തിന്‌ അനുവദിച്ച മൊബിലൈസേഷന്‍ ഫണ്ട്‌ ആര്‍ഡിഎസ്‌ പ്രൊജക്ട്‌സ്‌ വഴി മാറ്റി ഉപയോഗിച്ചത്‌ കണ്ടെത്തിയതായി വിജിലന്‍സ്‌ കോടതിയെ അറിയിച്ചു. കരാര്‍ ഏറ്റെടുക്കുമ്പോള്‍ കമ്പനി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ച ഈ തുക കടബാധ്യത തീര്‍ക്കുന്നതിനാണു ചെലവഴിച്ചത്‌. പാലം നിര്‍മാണത്തിനു വേണ്ടി ഈ തുക ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലം നിര്‍മാണത്തെ ഇത്‌ മോശമായി ബാധിച്ചു. ആര്‍ഡിഎസ്‌ കമ്പനി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള നിരവധിപ്പേര്‍ക്കു കൈക്കൂലി കൊടുത്തതായി ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്പില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top