പ്രളയത്തില്‍ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് കണ്ടെത്തി. ഉത്സവത്തിനു സമാപനം കുറിച്ച് അയ്യപ്പ സ്വാമിയുടെ ആറാട്ട് ഇനി പമ്പയിലെ കടവില്‍ നടത്താം. ഗണപതികോവിലിനു താഴെ പമ്പാ നദിയില്‍ ആണ് ആറാട്ട് കടവ്. ഇതിന്റെ വശങ്ങള്‍കെട്ടി, മണ്ഡപവും നിര്‍മിച്ച് സംരക്ഷിച്ചിരുന്നു.
എന്നാല്‍ പ്രളയത്തില്‍ മണ്ഡപം തകര്‍ന്ന് ഒലിച്ചുപോയി. ഒഴുകിവന്ന മണ്ണടിഞ്ഞ് ആറാട്ട് കടവ് കാണാനില്ലായിരുന്നു. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി അഞ്ച് മീറ്റര്‍ താഴ്‌ചയില്‍ നദിയിലെ മണ്ണ് നീക്കിയെങ്കിലും ആറാട്ട് കടവ് കണ്ടെത്താനായിരുന്നില്ല.
ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് ആണ് പമ്പയില്‍ ആറാട്ട് നടക്കേണ്ടത്. ആറാട്ട് കടവ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ എവിടെ നടത്തുമെന്ന ചര്‍ച്ചയിലായിരുന്നു തന്ത്രിയും ദേവസ്വം ബോര്‍ഡും.
നദിയിലെ മണ്ണു നീക്കി 2 ആഴ്‌ച നടത്തിയ പരിശ്രമത്തിലൂടെ ആറാട്ട് കടവ് കണ്ടെത്തിയത്. വശങ്ങള്‍ ഇടിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിച്ചാണ് മണ്ണ് നീക്കിയത്. നദിയില്‍ ഇപ്പോള്‍ വെള്ളമില്ല. ഇടിഞ്ഞ ഭാഗം കെട്ടുന്ന ജോലികള്‍ ആരംഭിച്ചു. വശങ്ങളിലെ കമ്പിവേലി മുഴുവന്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പുതിയ വേലി സ്ഥാപിക്കുന്ന പണിയും തുടങ്ങിയിട്ടുണ്ട്.