• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാമ്പന്‍ പാലത്തിന്‌ പുതിയ മുഖം: ഇനി 'വെര്‍ട്ടിക്കല്‍ ലിഫ്‌റ്റിങ്‌' ബ്രിഡ്‌ജ്‌

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്‌റ്റിങ്‌ പാലത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 104 വര്‍ഷം പഴക്കമുള്ള പാമ്പന്‍ പാലത്തിന്‌ പകരമായാണ്‌ 250 കോടി രൂപ ചെലവിട്ട്‌ പുതിയ പാലം നിര്‍മിക്കുന്നത്‌. 2.05 കിലോമീറ്ററില്‍ ഇരട്ടപ്പാതയായാണ്‌ പാലം നിര്‍മിക്കുക.

രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിച്ച്‌ പുതിയ റെയില്‍വേ ലൈന്റെ നിര്‍മ്മാണത്തിനും മോദി തുടക്കമിട്ടു. നാല്‌ വര്‍ഷം കൊണ്ട്‌ പുതിയ പാലവും റെയില്‍വേ ലൈനും പൂര്‍ത്തിയാകും. ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ 1964 ലാണ്‌ ഇവിടെ പാളം ഒലിച്ചുപോയത്‌.

മൂന്നു മാസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്ക്‌ ശേഷം കഴിഞ്ഞ ആഴ്‌ചയാണ്‌ പാമ്പന്‍ പാലത്തിലൂടെ മണ്ഡപത്തിനും രാമേശ്വരത്തിനുമിടയില്‍ ട്രെയിന്‍ ഓടിയത്‌. കഴിഞ്ഞ ഡിസംബര്‍ നാലിനാണ്‌ പാലത്തിന്റെ ഇരുമ്പു തൂണിന്‌ വിള്ളലുണ്ടായതിനെ തുടര്‍ന്ന്‌ മണ്ഡപം വരെയായി ട്രെയിന്‍ സര്‍വീസ്‌ നിര്‍ത്തിവച്ചത്‌.

പുതുതായി നിര്‍മ്മിക്കുന്ന പാലം 63 മീറ്റര്‍ പാലം അപ്പാടെ കുത്തനേ മുകളിലേക്ക്‌ നീങ്ങും. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ്‌ ഇത്‌ പ്രവര്‍ത്തിക്കുക.

പുതിയ പാലത്തിന്‌ 18.3 മീറ്ററുള്ള 100 സ്‌പാനുകളുണ്ടാകും.കപ്പലുകള്‍ക്ക്‌ കടന്നുപോകുന്നതിന്‌ 63 മീറ്റര്‍ നാവിഗേഷണല്‍ സ്‌പാനുമുണ്ടാകും. നിലവിലെ പാലത്തിന്‌ ഇത്‌ 22 മീറ്റര്‍ മാത്രമേയുള്ളൂ. തുരുമ്പ്‌ പിടിക്കാത്ത സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്‌മെന്റ്‌, കോമ്പോസിറ്റ്‌ സ്ലീപ്പേഴ്‌സ്‌, കട്ടിങ്‌ എഡ്‌ജ്‌ സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്റ്‌ങ്‌ എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്‌.

Top