കോവിഡ് മൂലം നീട്ടിവച്ച തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടത്തും. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി, രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാക്കി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ 23നു മുന്‍പു പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും.
ത്രിതല പഞ്ചായത്ത് സംവിധാനം വന്ന ശേഷം ആദ്യമായാണ് മൂന്ന് ഘട്ടമായി വോട്ടെടുപ്പ്. മുമ്പ് രണ്ട് ഘട്ടമായിരുന്നു. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാകാത്ത മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. വോട്ടര്‍മാര്‍ 2.71 കോടി.
പോളിങ് ഉദ്യോഗസ്ഥര്‍ക്കു പുറമേ കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പിനു മൂന്ന് ദിവസം മുന്‍പ് അപേക്ഷിക്കണം. പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കു സാനിറ്റൈസര്‍ നല്‍കും.നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി ഈ മാസം 11ന് അവസാനിക്കും.
സമയക്രമം ഇങ്ങനെയാണ്. പത്രികാ സമര്‍പ്പണം: ഈ മാസം 12-19 പത്രികകളുടെ സൂക്ഷ്‌മ പരിശോധന: 20
പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി: 23 വോട്ടെണ്ണല്‍: ഡിസംബര്‍ 16, രാവിലെ 8 മുതല്‍. തിരഞ്ഞെടുപ്പു നടപടികളുടെ പൂര്‍ത്തീകരണം: ഡിസംബര്‍ 23