മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനോരമ വാരിക മുന്‍ പത്രാധിപരും എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ. പത്മനാഭന്‍ നായര്‍ (പത്മന്‍ 90) നിര്യാതനായി. വിഖ്യാത സാഹിത്യകാരന്‍ സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്‌ണപിള്ളയുടെയും മകനും പ്രശസ്‌ത നടന്‍ അടൂര്‍ ഭാസിയുടെയും ചലച്ചിത്ര പ്രവര്‍ത്തകന്‍ ചന്ദ്രാജിയുടെയും സഹോദരനുമാണ്.
മലയാളത്തില്‍ ആദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1930 ല്‍ ജനിച്ച പത്മനാഭന്‍ നായര്‍ അടൂര്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഇന്റര്‍മീഡിയറ്റ് കോളജ്, പന്തളം എന്‍എസ്‌എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. മലയാള മനോരമയിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണിന് 35 വര്‍ഷം അടിക്കുറിപ്പെഴുതി. ദീര്‍ഘകാലം മലയാള മനോരമയിലെ പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. മനോരമ വാരികയിലെ അദ്ദേഹത്തിന്റെ 'പ്രഹ്ലാദന്‍ സംസാരിക്കുന്നു' എന്ന ചോദ്യോത്തര പംക്തി പില്‍ക്കാലത്ത് കേരള സാക്ഷരതാ മിഷന്‍ പുസ്‌തകമാക്കി. പത്രത്തില്‍നിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. പത്മന്റെ പിതാവ് ഇ.വി കൃഷ്‌ണപിള്ളയാണ് മനോരമ വാരികയുടെ സ്ഥാപക പത്രാധിപര്‍. ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ വാരികയുടെ പ്രചാരം 14 ലക്ഷത്തില്‍ എത്തിച്ചു. ഇത് മലയാള പ്രസിദ്ധീകരണ രംഗത്ത് റെക്കോര്‍ഡാണ്. 2001 ഡിസംബര്‍ 31 ന് മനോരമയില്‍നിന്ന് വിരമിച്ചു.
1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മന്‍ എഴുതി സഹോദരന്‍ അടൂര്‍ ഭാസി സംവിധാനം ചെയ്‌ത 'വിടരുന്ന മൊട്ടുകള്‍' എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരഗാന്ധിയായിരുന്നു ഉദ്‌ഘാടനം. നാടകത്തില്‍ പത്മന്‍ തന്നെ രചിച്ച് ഈണം നല്‍കിയ ഗാനങ്ങള്‍ പ്രസിദ്ധമാണ്. മനോരമയില്‍നിന്നു വിരമിച്ച ശേഷം, വിടരുന്ന മൊട്ടുകള്‍ വീണ്ടും അരങ്ങിലെത്തിച്ചു.
'കുഞ്ചുകുറുപ്പും പ്രഹ്ലാദനും', സഹോദരന്‍ അടൂര്‍ ഭാസിയുടെ ജീവചരിത്രം 'എന്റെ ഭാസിയണ്ണന്‍', ഭാസിയെക്കുറിച്ചുള്ള 'നാടകാന്തം ഭാസ്യം', 'ഭാസുരം ഹാസ്യം', കുട്ടികളുടെ നാടകങ്ങളായ 'കുഞ്ഞലകള്‍', 'കുഞ്ഞാടുകള്‍' തുടങ്ങിയവയാണ് പ്രധാന പുസ്‌തകങ്ങള്‍.
ഭാര്യ: കോട്ടയം മഠത്തില്‍ പറമ്പില്‍ കുടുംബാംഗം പരേതയായ വിമലാദേവി. മക്കള്‍: ചിത്ര, ലക്ഷ്‌മി, ജയകൃഷ്‌ണന്‍ നായര്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍: രമേഷ് കുമാര്‍ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍), ജഗദീഷ് ചന്ദ്രന്‍ (എന്‍ജിനീയര്‍, കുവൈത്ത്), ധന്യ.