• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നിലപാടില്‍ ഉറച്ച്‌ പിണറായി; വീണ്ടും ചൂടുപിടിപ്പിച്ച്‌ 'പരനാറി പ്രയോഗം'

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ തിരിച്ചടിക്ക്‌ കാരണമായി എല്‍ഡിഎഫ്‌ വിലയിരുത്തിയ പിണറായിയുടെ 'പരനാറി' പ്രയോഗം വീണ്ടും വിവാദമാകുന്നു. വിഷയം ചര്‍ച്ചയാകുമ്പോള്‍, തിരഞ്ഞെടുപ്പില്‍ അതെങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ സിപിഎം ജില്ലാ നേതൃത്വം.

എന്‍.കെ. പ്രേമചന്ദ്രനെതിരെയുള്ള പരാമര്‍ശം പ്രചരണായുധമാക്കാനുള്ള തയാറെടുപ്പിലാണ്‌ യുഡിഎഫും ആര്‍എസ്‌പിയും. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജനം വിലയിരുത്തുമെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ്‌ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്‌. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്‌പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ അപ്രതീക്ഷിതമായി യുഡിഎഫിലേക്ക്‌ പോയതാണ്‌ പിണറായിയെ ചൊടിപ്പിച്ചത്‌.

പ്രയോഗത്തിനെതിരെ യുഡിഎഫ്‌ രംഗത്തുവരികയും പ്രധാന തിരഞ്ഞെടുപ്പ്‌ വിഷയമാകുകയും ചെയ്‌തതോടെ കൊല്ലത്തെ 'രാഷ്ട്രീയ കാലാവസ്ഥ' മാറി. പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക്‌ ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ എം.എ. ബേബി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ്‌ തോല്‍വിയെത്തുടര്‍ന്ന്‌ എംഎല്‍എ പദം രാജിവയ്‌ക്കാനൊരുങ്ങിയ ബേബി പിന്നീട്‌ ഡല്‍ഹിയിലേക്ക്‌ പ്രവര്‍ത്തന മേഖല മാറ്റി.

എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്‍, പ്രേമചന്ദ്രനെതിരെ 'പരനാറി' പ്രയോഗം നടത്തി. '' .... തിരഞ്ഞെടുപ്പ്‌ രംഗത്തൊക്കെ ഒരു പൊതുപ്രചാരണത്തില്‍ പാലിക്കുന്ന മര്യാദയുണ്ട്‌. സ്ഥാനാര്‍ഥികളെ വ്യക്തിപരമായി പറയുകയെന്നതു സാധാരണ സ്വീകരിക്കുന്ന ഒരു രീതിയല്ല. പക്ഷേ പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കും എന്ന പ്രശ്‌നം വേറെ കിടക്കുകയാണ്‌. ഞാനതിലേക്ക്‌ കടക്കുന്നില്ല. ആര്‍എസ്‌പി കൊടും വഞ്ചനയാണ്‌ കാട്ടിയത്‌. ഞങ്ങള്‍ക്കതു മനസിലായില്ല. ഒരുമിച്ചു നടക്കുമ്പോള്‍ നിങ്ങള്‍ കഠാര കരുതിയിട്ടുണ്ടെന്നും പിന്നില്‍നിന്ന്‌ കുത്തിവീഴ്‌ത്തുമെന്നും ആരെങ്കിലും പ്രതീക്ഷിക്കുമോ...'' പിണറായിയുടെ ഈ പരാമര്‍ശമാണ്‌ വിവാദമായത്‌. പ്രസ്‌താവനയ്‌ക്കെതിരെ മുന്നണിക്കുള്ളില്‍ എതിര്‍പ്പുണ്ടായി. സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‌ തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ്‌ ബേബി പിന്നിലായത്‌.

തന്റെ പഴയ പ്രസ്‌താവനയില്‍ ഉറച്ചു നില്‍ക്കുന്നതായാണ്‌ പിണറായി കഴിഞ്ഞ ദിവസം കൊല്ലത്തു നടത്തിയ പ്രസ്‌താവന വ്യക്തമാക്കുന്നത്‌. 'ഞാന്‍ പറഞ്ഞതില്‍ എന്താണ്‌ തെറ്റ്‌. രാഷ്ട്രീയത്തില്‍ നെറിവേണം. എല്‍ഡിഎഫിനോട്‌ ചെയ്‌തതുപോലെ യുഡിഎഫിനോട്‌ ചെയ്യില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌' പിണറായി ചോദിച്ചു.

ഇതിന്‌ പ്രേമചന്ദ്രന്റെ മറുപടി ഇങ്ങനെ ആയിരുന്നു: 'ആരോടും നെറികേട്‌ കാട്ടിയില്ല. ആര്‍എസ്‌പി സംസ്ഥാന നേതൃത്വത്തിന്റ തീരുമാനം അനുസരിച്ചാണ്‌ മുന്നണി മാറിയത്‌. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജനം വിലയിരുത്തും'. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ വിമര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തെത്തി. പിണറായിയുടെ പ്രസ്‌താവന വീണു കിട്ടിയ ആയുധമായാണ്‌ ആര്‍എസ്‌പി നേതൃത്വം കരുതുന്നത്‌. കൊല്ലം ബൈപാസ്‌ വിഷയത്തിലടക്കം പ്രേമചന്ദ്രനുമായി തര്‍ക്കത്തിലായിരുന്നു സിപിഎം നേതൃത്വം. പ്രേമചന്ദ്രന്‍ ബിജെപിയിലേക്കു പോകുന്നു എന്ന തരത്തിലും പ്രചാരണമുണ്ടായി.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന 2014 വര്‍ഷത്തേതിനു തുല്യമായ സാഹചര്യം സൃഷ്ടിച്ചതായി ആര്‍എസ്‌പി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം കാര്യങ്ങള്‍ ഒരു ചലനവുമുണ്ടാക്കില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.

ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കൊല്ലം ലോക്‌സഭാ മണ്ഡലം. എല്ലാ മണ്ഡലങ്ങളെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്‌ എല്‍ഡിഎഫാണ്‌.

Top