• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാഴ്‌സല്‍ ഇനി പാടില്ല; അന്തര്‍ സംസ്ഥാന ബസുകള്‍ക്ക്‌ നിയന്ത്രണം


കല്ലട സുരേഷ്‌' ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌, അന്തര്‍ സംസ്ഥാന സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിനു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി. കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിന്‌ 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ്‌ ഓഫിസോ പാര്‍ക്കിങ്‌ കേന്ദ്രമോ പാടില്ല. ബുക്കിങ്‌ ഓഫിസുകളുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക്‌ ക്രിമിനല്‍ ചരിത്രം പാടില്ല. പൊലീസിന്റെ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം. യാത്രക്കാരുടെ ലഗേജ്‌ അല്ലാതെ മറ്റു വസ്‌തുക്കള്‍ പാഴ്‌സലായി ബസുകളില്‍ കയറ്റരുതെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ്‌ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട്‌ 1988 സെക്‌ഷന്‍ 93 അനുസരിച്ച്‌ കോണ്‍ട്രാക്ട്‌ ക്യാരേജ്‌ പെര്‍മിറ്റുള്ള ബസുകള്‍ക്ക്‌ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ്‌ നല്‍കാനോ അനുവാദമില്ല. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്‌. എന്നാല്‍ നിയമലംഘനം വ്യാപകമാണ്‌. ബുക്കിങ്‌ ഏജന്‍റുമാര്‍ക്കുവേണ്ട എല്‍എപിടി ലൈസന്‍സ്‌ ദുരുപയോഗം ചെയ്‌താണ്‌ സ്വകാര്യ ബസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്കു സര്‍വീസ്‌ നടത്തുന്നത്‌. എല്‍എപിടി ലൈസന്‍സില്ലാതെ പോലും സര്‍വീസ്‌ നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ലൈസന്‍സ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്‌.

ബുക്കിങ്‌ ഓഫിസുകള്‍ക്ക്‌ 150 ചതുരശ്രഅടി വലുപ്പം വേണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 10 യാത്രക്കാര്‍ക്ക്‌ ഇരിക്കാനുള്ള പാസഞ്ചര്‍ ലോഞ്ച്‌ വേണം. ശൗചാലയം, ലോക്കര്‍ റൂം എന്നിവ നിര്‍ബന്ധം. ഓഫിസിന്റെ ആറ്‌ മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്ന സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണം. യാത്ര പുറപ്പെടുന്ന സ്ഥലത്തും അവസാനിപ്പിക്കുന്ന സ്ഥലത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ മതിയായ സ്ഥലം കണ്ടെത്തണം. മറ്റു വാഹനങ്ങളുടെ ഗതാഗതത്തെ ബാധിക്കാന്‍ പാടില്ല. സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Top