താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഡബ്ലുസിസി. മോഹന്‍ലാലിന്റെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി ഉന്നയിക്കുന്നത്. അമ്മയില്‍ മത്സരിക്കുന്നതില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി പിന്മാറ്റിച്ചുവെന്നതാണ് പ്രധാന ആരോപണം. വിദേശത്തുള്ളതിനാല്‍ ഭാരവാഹികളായി മത്സരിക്കാനാകില്ലെന്നും അമ്മയെ നയിക്കുന്നവര്‍ നിലപാട് എടുത്തതായി പാര്‍വ്വതി ആരോപിക്കുന്നു. താരസംഘടനയുടെ നിലപാടുകള്‍ സംശയാസ്പദമാണ്. അവരുടെ ധാര്‍മികതയില്‍ സംശയമുണ്ടെന്നും പാര്‍വ്വതി വിശദീകരിച്ചു. നേതൃത്വത്തെ പത്മപ്രിയയയും കുറ്റപ്പെടുത്തുന്നുണ്ട്. അമ്മയിലെ തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമല്ലെന്ന വെളിപ്പെടുത്തലോടെ സംഘടനയുടെ പ്രതിസന്ധി പുതിയ തലത്തിലെത്തുകയാണ്.
പലരുടേയും നോമിനികളാണ് ഇത്തവണ അമ്മയിലേക്ക് ജയിച്ചെത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. ദിലീപിന്റെ അടുപ്പക്കാരാണ് ഭാരവാഹികളായതെന്ന ആരോപണത്തെ പരോക്ഷമായി ശക്തമാക്കുന്നതാണ് ഈ പ്രസ്താവനകള്‍. അമ്മയ്ക്കുള്ളില്‍ പോരാട്ടം ശക്തമാക്കുമെന്ന സൂചനയാണ് പാര്‍വ്വതി നല്‍കുന്നത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് വൈസ് പ്രസിഡന്റായ കെബി ഗണേശ് കുമാര്‍ അയച്ച് ഓഡിയോ സന്ദേശം ചോര്‍ന്നിരുന്നു. സ്ത്രീ കൂട്ടായ്മയെ തള്ളിപ്പറയുന്നതാണ് ഈ ഓഡിയോ. ഇത് പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍വ്വതിയും കൂട്ടരും അതിശക്തമായ പ്രതികരണവുമായെത്തിയത്. സംഘടനയ്ക്കുള്ളില്‍ പോരാട്ടം ശക്തമാക്കുമെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.