• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പിസി ജോര്‍ജ്ജിന് കുരുക്ക് മുറുകുന്നു: കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു

കോട്ടയം: പിസി ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്നാണ് പിസി വ്യക്തമാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? - ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മീഷനു മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പോലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

അതേസമയം, വനിതാ കമ്മീഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാ നടപടിയല്ലെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മീഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മീഷനു കടക്കാം.

Top