പി.സി. ജോര്‍ജ്ജിനെ ഒടുവില്‍ പൂഞ്ഞാര്‍ കൈവിട്ടു. വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വിജയം. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ്ജും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടോമി കല്ലാനിയും വാശിയേറിയ മത്സരം കാഴ്‌ചവെച്ച മണ്ഡലമാണ് പൂഞ്ഞാര്‍.
40 വര്‍ഷമായി പൂഞ്ഞാറിലെ എം.എല്‍.എ .ആണ് പി.സി. ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് പാളയത്തിനായിരുന്നു പി.സി ജോര്‍ജ്ജ്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് പി.സി. ജോര്‍ജ്ജ് നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് കേരള കോണ്‍ഗ്രസില്‍ നിന്നും പിന്നീട് യുഡിഎഫില്‍ നിന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. എന്നിട്ടും 2016ല്‍ പ്രബല മുന്നണികളെയെല്ലാം ഞെട്ടിച്ചുകൊണ്ട് പി.സി. ജോര്‍ജ്ജ് വിജയിച്ചു.
2021ല്‍ പക്ഷേ പി.സി. ജോര്‍ജ്ജിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പിന്തുണയ്‌ക്കുമെന്ന് കരുതിയ എന്‍.ഡി.എ. അവസാന നിമിഷം സ്ഥാനാര്‍ഥിയെ നിര്‍ത്തി. ശബരിമലയില്‍ ഉള്‍പ്പെടെ പി.സി. ജോര്‍ജ്ജ് എടുത്ത നിലപാടുകള്‍ ബി.ജെ.പി. വോട്ടുകളില്‍ അദ്ദേഹത്തിന് പ്രതീക്ഷ നല്‍കി.
അദ്ദേഹത്തിന്റെ ചില വിവാദ പ്രസ്‌താവനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളെ പോലും സംഘര്‍ഷഭരിതമാക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഈരാട്ടുപേട്ടയില്‍ പ്രചാരണത്തിന് പോയ പി.സി. ജോര്‍ജ്ജിന് നേരെ കൂവിയവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് പി.സി അന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് പോന്നത്. ഇരുപതിനായിരം വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ആത്മവിശ്വാസം.