ചിപ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്‌ത ഒമ്പതു കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനി പെപ്‌സികോ നിയമയുദ്ധം തുടങ്ങിയതോടെ ഗുജറാത്തില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ രംഗത്തു വന്നു.
പെപ്‌സികോയുടെ ഹര്‍ജി പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി പ്രദേശത്തെ കോള്‍ഡ് സ്‌റ്റോറേജിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതിക്കു നിര്‍ദേശം നല്‍കി. ആരോപണ വിധേയരായ കര്‍ഷകര്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ സമീപത്തെ കോള്‍ഡ് സ്‌റ്റോറേജുകളില്‍ സംഭരിക്കുന്നുവെന്ന കമ്പനിയുടെ ആരോപണം പരിഗണിച്ചാണ് നടപടി.
എഫ്‌എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001 പ്രകാരം തങ്ങള്‍ക്കാണെന്നു പെപ്‌സികോ അവകാശപ്പെടുന്നു. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മൂന്ന് കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി നോട്ടീസ് അയയ്‌ക്കുകയും ചെയ്‌തിരുന്നു.
അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തതെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും കമ്പനി കര്‍ഷകര്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. കമ്പനിയുടെ പരാതിയെ തുടര്‍ന്ന് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി തടഞ്ഞിരുന്നു. സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും കമ്മിഷണറെ കൊമേഴ്‌സ്യല്‍ കോടതി നിയോഗിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ കമ്പനി തയാറാകുന്നതുവരെ പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ കിസാന്‍സഭ ആഹ്വാനം ചെയ്‌തു. വിള വകഭേദങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള (പിപിവി ആന്‍ഡ് എഫ്‌ആര്‍) നിയമത്തിന്റെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കേസാണ് പെപ്‌സികോ കമ്പനി കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്നും ശക്തമായി തന്നെ നേരിടുമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.
നാല് ഏക്കറില്‍ താഴെ മാത്രം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയാണ് 1.05 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു പെപ്‌സികോ കേസ് കൊടുത്തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും ഹനിക്കുന്നതാണെന്നാണ് കര്‍ഷകരുടെ പൊതുവികാരം.
പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്‌തതെന്നും കമ്പനി ഉന്നയിക്കുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ചു പലര്‍ക്കും അറിയില്ലായിരുന്നെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്‌മയുടെ ഭാരവാഹി കപില്‍ ഷാ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
2009ലാണ് എഫ്‌എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായികമായി കൃഷി ചെയ്‌തത്. പഞ്ചാബിലെ ഏതാനും കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള ലൈസന്‍സ് കമ്പനി നല്‍കിയിട്ടുണ്ട്. കമ്പനിക്കു മാത്രമേ ഈ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് ഇത്. അനുമതിയില്ലാതെ ആരെങ്കിലും ഉല്‍പ്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നും പെപ്‌സികോ പറയുന്നു.
എന്നാല്‍ പിപിവി ആന്‍ഡ് എഫ്‌ആര്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നും രജിസ്റ്റര്‍ ചെയ്‌ത വിത്തുകള്‍ ബ്രാന്‍ഡ് ചെയ്‌ത് വില്‍ക്കാത്തിടത്തോളം കാലം ഏതിനം വിളകളും കൃഷി ചെയ്യാനും വില്‍ക്കാനും ഉള്ള അവകാശം കര്‍ഷകര്‍ക്കുണ്ടെന്നും കര്‍ഷക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.