• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വി.പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഹൂസ്റ്റണില്‍

ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പ്രധാന പെരുന്നാളും ഇടവകയുടെ പത്താമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനവും ജൂണ്‍ 29,30 (ശനി,ഞായര്‍) തീയതികളില്‍ നടത്തപ്പെടും. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ.സഖറിയാസ്‌ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്‌ച വൈകുന്നേരം 5.45 നു പെരുന്നാള്‍ കൊടിയേറ്റ്‌, സന്ധ്യാ പ്രാര്‍ത്ഥന, വച്ചാണ്‌ ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്‌, ഭക്തിഗാനമേള, ആകാശദീപക്കാഴ്‌ച, സ്‌നേഹ വിരുന്ന്‌ എന്നിവ നടത്തപ്പെടും.

ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ പ്രഭാത നമസ്‌കാരം, 9 മണിക്ക്‌ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്‌,ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ (ഏദോനോ ദ്‌ തൈബുസോ) ഉദ്‌ഘാടനം, നേര്‍ച്ച വിളമ്പ്‌ എന്നിവയും നടത്തപ്പെടും.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടു വിഭാഗങ്ങളിലായി 20 പദ്ധതികള്‍ നടപ്പിലാക്കും. ഹൂസ്റ്റണ്‍ റീജിയണില്‍ 10 പദ്ധതികളും കേരളത്തില്‍ 10 പദ്ധതികളും നടത്തുന്നതിനാണ്‌ രൂപം നല്‍കിയിരിയ്‌ക്കുന്നത്‌. സ്‌നേഹ സ്‌പര്‍ശം കാന്‍സര്‍ പ്രോജെക്ട്‌, ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ സഹായം, വൃദ്ധ സദനങ്ങള്‍ക്കും വനിതാ ഷെല്‍റ്ററുകള്‍ക്കുമുള്ള സഹായം, മാവേലിക്കര മാര്‍ പക്കോമിയോസ്‌ ശാലേം ഭവന്‍ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഹൂസ്റ്റണ്‍ യൂത്ത്‌ മൂവ്‌മെന്റ്‌, ഹൂസ്റ്റണ്‍ റീജിയണല്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപക കോണ്‍ഫറന്‍സുകള്‍ തുടങ്ങിയ വിവിധ പദ്ധതികളാണ്‌ നടത്തപ്പെടുന്നത്‌.

പ്രസ്‌തുത പെരുന്നാള്‍ പരിപാടികള്‍ക്കും വാര്‍ഷികാഘോഷ പരിപാടികളിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും അഭ്യുദയകാംഷികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌,
റവ. ഫാ. ഐസക്‌ ബി.പ്രകാശ്‌ (വികാരി) 832 997 9788
റജി സ്‌കറിയ ( ട്രസ്റ്റി) 832 878 8921
ഷിജിന്‍ തോമസ്‌ ( സെക്രട്ടറി ) 409 354 1338

Top