പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ പീറ്റര്‍ ഹെയ്ന്‍ ഒടിയനിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. അന്താരാഷ്ട്ര പ്രശസ്തിയില്‍നിന്ന് ഒരു പ്രാദേശിക ഭാഷാ ചിത്രത്തില്‍ ജോലി ചെയ്യാനെത്തിയിട്ടും അദ്ദേഹം തന്റെ ശൈലിയില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല. അതിന് ഫലമെന്നോണം മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പിറക്കുകയും ചെയ്തു.
എന്നാല്‍ പുലിമുരുകനല്ല കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് വ്യക്തമാക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമായ ഒടിയനാണ് ജീവിതത്തില്‍ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച വര്‍ക്ക് എന്നദ്ദേഹം പറഞ്ഞു. ആദി എന്ന പ്രണവ് ചിത്രത്തിന്റെ നൂറാം ദിവസ ആഘോഷ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാന്‍ ഏറ്റെടുക്കുന്ന സിനിമകള്‍ക്കായി നന്നായി അധ്വാനിക്കാറുണ്ട്. ഒരുപാട് സംവിധായകരും താരങ്ങളുമായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഒടിയന്‍ റിലീസ് ചെയ്യുമ്ബോള്‍ എങ്ങനെയാകുമെന്ന് എനിക്കറിയില്ല. പക്ഷേ ഒരുകാര്യം ഞാന്‍ ഉറപ്പിച്ചുപറയാം, ഞാന്‍ ജോലി ചെയ്തിട്ടുള്ള ഏറ്റവും വലിയ ചിത്രം ഇതാണ്", ഹെയ്ന്‍ പറഞ്ഞു
"റെസിഡന്റ് ഈവിള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം എന്നോട് സംസാരിച്ചിരുന്നു. അവരെന്നോട് ചോദിച്ചു അത്രയും നിലവാരത്തില്‍ ഇവിടെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമോ എന്ന്. ഞാന്‍ പറഞ്ഞു, തീര്‍ച്ചയായും അത് സാധിക്കുമെന്ന്. റസിഡന്റ് ഈവിള്‍ പോലുള്ള ചിത്രങ്ങള്‍ ഇവിടെ ചെയ്യുവാന്‍ സാധിക്കുകതന്നെ ചെയ്യും. കാരണം ഇവിടെയുള്ളവര്‍ അത്രയും കഴിവുള്ളവരാണ്", പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു.