മറയൂര്‍- അഞ്ചുനാട് മലനിരകളില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് ഇനി വിലക്കുകളില്ലാതെ നീലവസന്തം ആസ്വദിക്കാം. കാന്തല്ലൂര്‍ കുളച്ചിവയല്‍ തുരുപെട്ടി പാറക്ക് സമീപമുള്ള റവന്യു ഭൂമികളിലും സ്വകാര്യഭൂമികളിലുമാണ് നീലകുറിഞ്ഞി വ്യാപകമായി പൂത്ത് നില്‍ക്കുന്നത്.
മറയൂര്‍ , കാന്തല്ലൂര്‍ മലനിരകളില്‍ തീര്‍ത്ഥമല, വെള്ളിമല, പുതുക്കുടി, കമ്മാളംകുടി, അഞ്ചുനാട്ടാമ്ബാറ തുടങ്ങിയ മേഖലകളില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടിട്ടുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും വനംവകുപ്പ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു.
സന്ദര്‍ശകരുടെ സുരക്ഷയും ചെടികളുടെ സംരക്ഷണവും മുന്‍നിര്‍ത്തിയായിരുന്നു നിരോധനം. ഇത് ഈ മേഖലയില്‍ നീലകുറിഞ്ഞി കാണാനെത്തിയിരുന്ന വിനോദ സഞ്ചാരികളെ നിരാശപെടുത്തുകയും പ്രതിഷേധം ഉയരുകയും ചെയ്തു.
കൂടാതെ രാജമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞി കരിഞ്ഞ് തുടങ്ങുക കൂടി ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മറയൂര്‍ , കാന്തല്ലൂര്‍ മേഖലകളിലെ വിലക്കുകളെല്ലാം നീക്കിയത്.
കുളച്ചുവയല്‍ തുരുപെട്ടി പാറയിലാണ് ഇപ്പോള്‍ കൂടുതല്‍ പുതിയ പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്. വിലക്ക് നീക്കിയതോടെ നൂറ് കണക്കിന് സന്ദര്‍ശകര്‍ ഇവിടേക്കെത്തിത്തുടങ്ങി.
നീലവസന്തം ആസ്വദിക്കാം, എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് പൂവും ചെടിയും പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. വനം വകുപ്പ് 2000 രൂപ പിഴ ഈടാക്കും.
കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ സന്ദര്‍ശനത്തിനിടെ ചെടി പറിച്ച് സൂക്ഷിച്ച എറണാകുളം, തൃശ്ശൂര്‍ സ്വദേശികള്‍ പയസ്നഗര്‍ ചെക്ക്പോസ്റ്റില്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് പിഴ ഈടാക്കിയാണ് വിട്ടയച്ചത്.