• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാനത്ത്‌ തുടര്‍ഭരണ സാധ്യതയെന്ന്‌ സിപിഎം വിലയിരുത്തല്‍

സ്വര്‍ണക്കടത്ത്‌ വിവാദം സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന്‌ കരകയറാന്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിലൂടെ കഴിഞ്ഞെന്ന്‌ സിപിഎം. തുടര്‍ ഭരണ സാധ്യതയും തിരഞ്ഞെടുപ്പ്‌ വിജയത്തോടെ വര്‍ധിച്ചു. തിരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ആവേശം നിലനില്‍ക്കെത്തന്നെ നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ്‌ സിപിഎം തീരുമാനം. അതിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഷെഡ്യൂളിനും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗീകാരം നല്‍കി.

മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനം നടത്തിയിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരുമായി ജില്ലകളില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. അതില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കും.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‌ 22ന്‌ കൊല്ലത്ത്‌ തുടക്കമാകും. അന്നു വൈകുന്നേരം പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന്‌ രാവിലെ ഇടുക്കിയിലും വൈകിട്ട്‌ കോട്ടയത്തുമാകും പര്യടനം. 24ന്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. 26ന്‌ കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ ചര്‍ച്ച. 27ന്‌ കോഴിക്കോടും വയനാടും സന്ദര്‍ശിക്കും. 28ന്‌ മലപ്പുറം, പാലക്കാട്‌ ജില്ലകളിലും 29ന്‌ തൃശൂരിരും സന്ദര്‍ശിക്കും. 30ന്‌ രാവിലെ എറണാകുളത്തെയും വൈകിട്ട്‌ ആലപ്പുഴയിലെയും ചര്‍ച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.

ഇതിനിടെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും സൗജന്യ കിറ്റ്‌ വിതരണവും തിരഞ്ഞെടുപ്പില്‍ തുണച്ചെന്ന്‌ സിപിഎം വിലയിരുത്തല്‍. വിവാദങ്ങളെ മറികടക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും വിവാദങ്ങള്‍ ജനം തിരസ്‌കരിച്ചെന്നും സിപിഎം. വിലയിരുത്തുന്നു.

Top