ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ പാര്‍ട്ടിയിലും മുന്നണിയിലും പിണറായിയുടെ സ്വാധീനം ഇനി മങ്ങിയേക്കാം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ചു പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വിചാരണയും ആരംഭിക്കാം. ബിജെപിക്കു ശബരിമലയെന്ന ആയുധം നല്‍കി ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗത്തെ മുന്നണിയില്‍നിന്ന് അകറ്റിയെന്ന ആരോപണവും നേരിടേണ്ടിവരാം. ഇതിലധികവും എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളായിരുന്നു. പ്രയോജനം ലഭിച്ചത് യുഡിഎഫിനാണ്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാനും കേരളത്തില്‍ അവര്‍ അക്കൗണ്ട് തുറക്കാതിരിക്കാനും ന്യൂനപക്ഷ ഏകീകരണം ഉണ്ടാകുമെന്നും അതു കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും ഇടതുമുന്നണി നേതൃത്വത്തിനു മുന്‍കൂട്ടി കാണാനായില്ല. വരുംദിവസങ്ങളില്‍ എല്‍ഡിഎഫിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും പ്രതികരണങ്ങളും എങ്ങനെയാകുമെന്ന് ഉറ്റുനോക്കുകയാണു േകരളം.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലപാടായി മാറിയതിനാല്‍ കുറ്റപ്പെടുത്തലുകള്‍ നീളുക മുഖ്യമന്ത്രിക്കു നേരെയാവും. പാര്‍ട്ടിയില്‍ ശക്തനായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് എത്രത്തോളം തീവ്രതയുണ്ടാകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. വിഎസ് സര്‍ക്കാരിന്റെ കാലഘട്ടത്തിനുശേഷം പാര്‍ട്ടിയില്‍ പിണറായി വിജയനു കാര്യമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. വിമര്‍ശനം ഉന്നയിച്ചിരുന്ന വിഎസ് ദുര്‍ബലനായി. വിഎസിന്റെ കൂടെയുണ്ടായിരുന്നവര്‍ ക്ഷീണിക്കുകയോ മറുവശത്തേക്കു ചേക്കേറുകയോ ചെയ്‌തു. മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടിയില്‍ പിണറായിക്കെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടില്ല.
ശബരിമല വിഷയത്തില്‍ എല്‍ഡിഎഫില്‍നിന്നു ഹിന്ദുവോട്ടുകള്‍ ചോര്‍ന്നെന്നാണ് സിപിഎം വിലയിരുത്തല്‍. നിലപാടുകളില്‍ മാറ്റം വരുത്തണമെന്നു താഴേത്തട്ടില്‍ അഭിപ്രായമുണ്ട്. പക്ഷേ സംസ്ഥാന നേതൃത്വത്തെ, പ്രത്യേകിച്ചു മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആര്‍ക്കു കഴിയുമെന്നതാണു ചോദ്യം. പിണറായിയോട് അടുപ്പം പുലര്‍ത്തുന്നയാളാണു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ കോടിയേരി തയാറാകുമെന്നു കരുതാനാകില്ല. ത്രിപുരയും ബംഗാളും നഷ്ടപ്പെട്ടതോടെ ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍തക്ക ശക്തരല്ല കേന്ദ്രനേതൃത്വം. പിണറായിയെ പിന്തുണയ്‌ക്കുന്നവരാണ് പൊളിറ്റ് ബ്യൂറോയില്‍ അധികവും. ഇടതുമുന്നണിയില്‍ പിണറായിയുടെ നിലപാടുകളെ വിമര്‍ശിക്കാന്‍ തയാറായ ഏക നേതാവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. തുടക്കത്തിലെ വിമര്‍ശനങ്ങള്‍ക്കുശേഷം പിണറായിയുമായി യോജിച്ചുപോകുന്ന അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും തുടര്‍ന്നുള്ള ഐക്യത്തിന്റെ പ്രധാന ഘടകമാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഉപതിരഞ്ഞെടുപ്പുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പും നേരിടാന്‍ നിലവിലെ നയങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചു പാര്‍ട്ടിക്ക് ഇപ്പോഴേ ചിന്തിക്കേണ്ടിവരും. മുഖ്യമന്ത്രിക്കു തന്റെ നിലപാടുകള്‍ മയപ്പെടുത്തുകയും സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്‌ക്കെടുക്കേണ്ടി വരികയും ചെയ്യും. നഷ്ടപ്പെട്ട വോട്ടുകള്‍, പ്രത്യേകിച്ചു സ്‌ത്രീവോട്ടര്‍മാരെ തിരികെ കൊണ്ടുവരുന്നതിനു പുതുവഴികള്‍ തേടേണ്ടിവരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടേണ്ട സാഹചര്യവുമുണ്ടാകും. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി ഇതുവരെ പുറത്തുവന്നിട്ടില്ല. വിധി അനുകൂലമായാലും എതിരായാലും നടപ്പിലാക്കുമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഇനി സമുദായ സംഘടനകളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകേണ്ടിവന്നേക്കാം.