ഔദ്യോഗിക സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍ഡ്‌സില്‍ എത്തി. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിയും ഉന്നതതല സംഘവും യൂറോപ്പിലേക്കു തിരിച്ചത്.
നെതര്‍ലന്‍ഡ്‌സില്‍ എത്തിയ മുഖ്യമന്ത്രി ഐടി മേഖലയിലെ കൂട്ടായ്‌മയായ ടിഎന്‍ഒ, വ്യവസായ കോണ്‍ഫെഡറേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തും. പ്രളയത്തെ നേരിടാന്‍ നെതര്‍ലന്‍ഡ്‌സില്‍ നടപ്പാക്കിയ നദീസംരക്ഷണ പദ്ധതി പ്രദേശങ്ങള്‍ കേരള സംഘം സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്‌സ് ജലവിഭവ, അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാന്‍, കൃഷി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.
13ന് ജനീവയില്‍ നടത്തുന്ന സമ്മേളനത്തില്‍, കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങളും പുനര്‍നിര്‍മാണ മാര്‍ഗങ്ങളും അദ്ദേഹം പങ്കുവയ്‌ക്കും. 16നു പാരിസില്‍ പ്രസിദ്ധ സാമ്പത്തിക വിദഗ്‌ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. 17നു ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്‌ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 20നു തിരിച്ചെത്തും.