മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ പങ്കെടുത്തില്ല എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
യോഗത്തിന്റെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് വി.മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവര്‍ സമ്മതം അറിയിച്ചു. കോണ്‍ഫറന്‍സിനുള്ള ലിങ്ക് അയച്ചു കൊടുത്തു. യോഗം തുടങ്ങിയപ്പോള്‍ ലിങ്കില്‍ അദ്ദേഹത്തിന്റെ ക്യാമറയും ഉണ്ടായിരുന്നു. അദ്ദേഹം വേറൊരു പരിപാടിയിലാണ്, അല്‍പ്പ സമയത്തിനുള്ളില്‍ പങ്കെടുക്കുമെന്നും സ്റ്റാഫ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
പ്രവാസികളെ കബളിപ്പിക്കുന്നു എന്നും മുരളീധരന്‍ ആക്ഷേപം ഉന്നയിച്ചു. പ്രത്യേക വിമാനങ്ങളില്‍ പരിശോധന ഇല്ലാതെ ആളുകള്‍ നാട്ടിലെത്താന്‍ തുടങ്ങി. ഇതോടെ നേരത്തെ ഉണ്ടായിരുന്ന തീരുമാനത്തില്‍നിന്നു പിന്‍മാറേണ്ടി വന്നു. വിമാനത്തില്‍ എത്തുന്ന ആരെയും നേരെ വീടുകളിലേക്ക് അയയ്‌ക്കാന്‍ സാധിക്കില്ല. ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ വേണം.
വിമാനം വന്നതിന്റെ പിറ്റേന്നു തന്നെ അതിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചത് നമ്മള്‍ കണ്ടതാണ്. വന്നവരെ കുറ്റപ്പെടുത്താനാകില്ല. കേന്ദ്രം അയച്ച സര്‍ക്കുലറില്‍ വിദേശത്തുനിന്നു മടങ്ങുന്നവരില്‍നിന്ന് ഒപ്പിട്ടു വാങ്ങുന്നത് എന്താണെന്ന് വായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.