രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ചര്‍ച്ച. മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിതമായ നീക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍നിന്നുള്ള ചിലര്‍ നടത്തിയതായാണു വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണു തിരഞ്ഞെടുപ്പിലെ വന്‍ വിജയമെന്നും ആ മാതൃകയില്‍ മന്ത്രിസഭയിലും പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശം.
കെ.കെ ശൈലജയ്‌ക്കു പുറമെ മന്ത്രി എ.സി.മൊയ്‌തീനെയും ഈ വാദത്തിലൂടെ ചിലര്‍ ഉന്നം വച്ചിരുന്നു. നിയമസഭയിലേക്ക് നാലാം വട്ടം തിരഞ്ഞെടുക്കപ്പെടുന്ന മൊയ്‌തീനും കഴിഞ്ഞ തവണ ആദ്യമായാണു മന്ത്രിയായത്. സ്ഥാനാര്‍ഥിത്വത്തിലെ തലമുറമാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണമെന്നാണു സിപിഎമ്മില്‍ ഉടലെടുത്തിട്ടുള്ള ധാരണ. പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായ നിലവിലെ മന്ത്രിമാരെയെല്ലാം നിലനിര്‍ത്തണോ, അതല്ല കേന്ദ്രകമ്മിറ്റിയംഗം ശൈലജ ഒഴികെ മറ്റെല്ലാവരെയും പൊതുമാനദണ്ഡം അടിസ്ഥാനമാക്കി മാറ്റണോ എന്നതാണു പാര്‍ട്ടിയില്‍ ഇനി തീരുമാനിക്കാനുള്ളത്.
ശൈലജയ്‌ക്കു പുറമെ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്‌ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, പി.പി.ചിത്തരഞ്‌ജന്‍, സജി ചെറിയാന്‍, പി.നന്ദകുമാര്‍, സി.എച്ച്.കുഞ്ഞമ്പു, വീണാ ജോര്‍ജ്, എം.ബി.രാജേഷ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു, എ.എന്‍.ഷംസീര്‍, കെ.ടി.ജലീല്‍ എന്നീ പേരുകളും പരിഗണനയിലുണ്ട്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 20ന് വൈകീട്ടാണു ചടങ്ങ് മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎം�സിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു.