തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നല്‍കുന്നുവെന്ന വാര്‍ത്ത ദേശാഭിമാനി ജൂണ്‍ 27നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ആരും ആരേയും ആദരിച്ചില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് പതിവ് മെമെന്റോ നല്‍കല്‍ മാത്രമാണ് നടന്നതെന്നും വ്യക്തമായി.
ഇതോടെ സോഷ്യല്‍ മീഡിയെ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെ ബാള്‍ട്ടിമോര്‍ ദുരന്തമെന്നും വിശേഷിപ്പിച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനത്തിന് ക്ഷണിച്ചെന്നും മറ്റും തെളിയിക്കാന്‍ സൈബര്‍ സഖാക്കള്‍ കത്തുമായി രംഗത്ത് വന്നു. എന്നാല്‍ പരിപാടി തട്ടിക്കൂട്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുകയാണ്. ഇതോടെ മുഖ്യമന്ത്രി പിണറായിയുടെ അമേരിക്കന്‍ യാത്രയിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് എത്തുന്നു.
ഏതോ ഒരു കെട്ടിടത്തിന്റെ വാരന്തയിലാണ് അന്താരാഷ്ട്ര ആദരമെന്ന് പറയുന്ന ചടങ്ങ് നടക്കുന്നത്. രണ്ട് ക്യാമറാമാന്മാരുണ്ട്. പിന്നെ എല്ലാം കൂടി 25 പേരും. ഇതില്‍ പലരും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളവരാണെന്നും വ്യക്തമാണ്. അല്ലാതെ അന്താരാഷ്ട്ര ആദരത്തിന് പോന്ന ആംബിയന്‍സൊന്നും ചിത്രത്തില്‍ ഇല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് സംസാരിക്കാന്‍ ആരുടേയോ നിര്‍ദ്ദേശ പ്രകാരം വേദി തട്ടിക്കൂട്ടുകയായിരുന്നു ഉണ്ടായിരുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലിലൊന്ന് ജീവനക്കാര്‍ പോലും ഇവിടേയ്ക്ക് എത്തിയില്ലെന്നും ചിത്രങ്ങളില്‍ വ്യക്തം. പത്തോളം മലായാളികളും അവിടെയുണ്ട്. ഇവരെല്ലാം മുഖ്യമന്ത്രിയുടെ സന്ദര്‍ശന സംഘത്തിലെ അംഗങ്ങളാണ്. അതായത് വലിയ പ്രാധാന്യമൊന്നും കേരള മുഖ്യന്റെ സന്ദര്‍ശനത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയില്ലെന്ന് സാരം. ഇതിനൊപ്പമാണ് സൈബര്‍ സഖാക്കള്‍ പുറത്തുവിട്ട കത്തിലെ വിവരങ്ങളും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ ബ്ലാട്ടിമോര്‍ ദുരത്തെ വിവാദത്തിന്റെ പടുകുഴിയിലാക്കുന്നത്.
മുഖ്യമന്ത്രിയുടെ ആദരം വിവാദത്തിലായതോടെയാണ് കത്ത് ചര്‍ച്ചയാക്കിയത്. ഈ കത്ത് പ്രകാരം ജൂലൈ രണ്ടിനാണ് മുഖ്യമന്ത്രിക്ക് ക്ഷണം എത്തുന്നത്. ഈ ക്ഷണപ്രകാരം ജൂലൈ 7ന് പിണറായിക്ക് അമേരിക്കയില്‍ എത്താന്‍ പോലും കഴിയില്ല. ജൂലൈ രണ്ടിന് കത്ത് കിട്ടിയാല്‍ പിന്നെ വിസ എടുക്കാനുള്ള നടപടികള്‍ക്ക് മുന്നോട്ട് വരണം. പിണറായിക്ക് ഡിപ്ലൊമാറ്റിക് പാസ് പോര്‍ട്ടില്ല. അതുകൊണ്ട് തന്നെ നൂലാമാലകള്‍ ഏറെയുണ്ട് വിസ കിട്ടാന്‍. അപ്പോള്‍ പിന്നെ ജൂലൈ 2ന് കിട്ടിയ ക്ഷണ പ്രകാരം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നത് വാദം പൊള്ളയാണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. ഇതിനൊപ്പം ഈ കത്തില്‍ പല അസ്വാഭാവികതകളും കാണാം. ഫൊക്കാനോയുടെ പരിപാടിക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. വളരെ നേരത്തെ തയ്യാറാക്കിയതാണ് ഈ പരിപാടി. ഇതിനാണ് പിണറായി വിസയും എടുത്തതെന്നാണ് സൂചന. ഇതിനിടെയില്‍ അമേരിക്കന്‍ യാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധകിട്ടാന്‍ നിപ്പയിലെ ആദരവെന്ന് പ്രചരിപ്പിക്കാന്‍ ഒരു പരിപാടി സംഘടിപ്പിച്ചെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വാദം.
വിവാദം ആളിക്കത്തിയതോടെ കത്ത് പുറത്തുവിട്ടതും വിനയാകുകയാണ്. അതിലെ പിശകുകളും അസ്വാഭാവികതകളും ചര്‍ച്ചയാക്കുന്നതിലൂടേയും സോഷ്യല്‍ മീഡിയ പിണറായി യാത്രയിലെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. റോബര്‍ട്ട് ഗാലോയാണ് കത്ത് തയ്യാറാക്കി ഒപ്പിട്ടിരിക്കുന്നത്. ഈ കത്തിനുള്ളിലും റോബര്‍ട്ട് ഗാലോയുടെ പേരുണ്ട്. ഒപ്പിടുന്നവര്‍ സാധാരണ ഗതിയില്‍ കണ്ടന്റില്‍ അവരുടെ പേര് ചേര്‍ക്കാറില്ല. ഐയെന്നോ മൈ സെല്‍ഫ് എന്നോ രേഖപ്പെടുത്താറാണ് പതിവ്. ലോകപ്രശസ്ത വൈറോളജി സ്ഥാപനത്തിലെ മേധാവിക്ക് ഇത്തരം സിമ്ബിള്‍ ഇംഗ്ലീഷ് തെറ്റ് പറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. മിസ്റ്റര്‍ പിണറായി വിജയന്‍ എന്നാണ് കേരളാ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഇംഗ്ലീഷിലെ രീതി പ്രകാരം കത്തുകളില്‍ മിസ്റ്റര്‍ എന്ന് ഉപയോഗിച്ചാല്‍ സര്‍ നെയിം മാത്രമേ കൊടുക്കാറുള്ളൂ. അതായത് മിസ്റ്റര്‍ പിണറായി അല്ലെങ്കില്‍ മിസ്റ്റര്‍ വിജയന്‍. പേരിലെ രണ്ട് ഭാഗവും കൂട്ടിച്ചേര്‍ത്ത് അഭിസംബോധന ചെയ്തിരിക്കുന്നതും ചര്‍ച്ചയാകുന്നു.
വിവാദം മറികടക്കാന്‍ ആരോ സൃഷ്ടിച്ചതാണ് ഈ കത്തെന്ന വാദമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ആരോഗ്യമന്ത്രിയെ കെകെ ശൈലജ ടീച്ചര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ടീച്ചര്‍ ചേര്‍ത്ത് കത്തെഴുത്തും അമേരിക്കയില്‍ പതിവുള്ളതല്ല. താഴെയുള്ള ഒപ്പിനെ സൂക്ഷ്മമായി നീരീക്ഷിച്ച് അത് മാച്ചതിന് ശേഷം വീണ്ടുമിട്ടതാണെന്ന വാദവും സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുന്നുണ്ട്. അങ്ങനെ കത്തിലെ അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടി ചര്‍ച്ച പുരോഗമിക്കുമ്ബോള്‍ സൈബര്‍ സഖാക്കള്‍ക്കും മറുപടിയില്ല. അങ്ങനെ പിണറായിയുടെ അമേരിക്കന്‍ യാത്ര വലിയൊരു ദുരന്തമാകുകയാണ് സോഷ്യല്‍ മീഡിയയില്‍. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത് മനോരമാ ലേഖകനായ ജാവേദ പര്‍വേശാണ്. ബാള്‍ട്ടിമോര്‍ ദുരന്തത്തില്‍ നിങ്ങള്‍ അല്‍പം ഖിന്നരാണെന്നറിഞ്ഞു. വിഷമിക്കേണ്ട. നാട്ടിലെ സ്ഥിരം കുറ്റികളെപ്പോലെ ഉടായിപ്പ് അറിയാത്തതിന്റെ കുഴപ്പം മാത്രമാണിതെന്ന ജാവേദിന്റെ പുതിയ കുറിപ്പും ഏറെ ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.
ബാള്‍ട്ടിമോര്‍ പിആര്‍ ദുരന്തം ഒന്നു നോക്കുക. എത്ര മനോഹരമായി ചെയ്യാവുന്നതാണ് നിങ്ങളുടെ നിഷ്‌കളങ്കത കൊണ്ട് ചീറ്റിപ്പോയത്. ഐഎച്ച് വി പോലുള്ള ഒരു സ്ഥാപനത്തിലേക്ക് മുഖ്യമന്ത്രിയെ കൊണ്ടുപോകുമ്ബോള്‍ ചില പ്ലാനിങ് വേണ്ടതാണ്. മുകളില്‍ കൊടുത്ത ഇന്‍വിറ്റേഷന്‍ നോക്കൂ. എത്ര ദരിദ്രമാണ്. ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കാം അതുകൊണ്ടു വരൂ എന്നെല്ലാം രണ്ടു വരിയിലെതിയാല്‍ തന്നെ പൂച്ച് പുറത്താകില്ലേ. അതിനു പകരം ഒരു പാരഗ്രാഫ് നിപ്പയെ നേരിട്ട കേരളത്തെ പുകഴ്‌ത്തണം.
പിന്നെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ആദരിക്കാന്‍ ആഗ്രഹിക്കുന്നതായി എഴുതണം. പിന്നെയാകണം ക്ഷണം. അതായത് ലാസ്റ്റ് പോയിന്റെ്. കേരളം മാറിയിട്ടുണ്ട്. എല്‍ പി സ്‌കൂള് കുട്ടികള്‍ വരെ നവാഗതര്‍ക്ക് സ്വാഗതം പറഞ്ഞ് ഫെക്സ് വയ്ക്കുന്ന കാലമാണ്. പരിപാടി നടത്തുമ്ബോള്‍ ഗുമ്മില്‍ നല്ല ബാക്ക്ഡ്രോപ് വേണം. അതില്‍ ഐഎച്ച് വി ഹോണറിങ് മി.വിജയന്‍ എന്നെല്ലാം എഴുതണം. ഇത്ര മഹത്തായ പരിപാടിയതിനാല്‍ സ്വാധീനം ചെലുത്തിയാണെങ്കിലും സിഎന്‍ എന്നിനെയോ ഫോക്സ് ന്യൂസിനേയോ കൊണ്ടുവരണം. അതല്ലെങ്കില് എത്രയെത്ര ലോക്കല് ടെലിവിഷന് സ്റ്റേഷനുകളുള്ള നാടാണ്. ഒരു സായിപ്പും കുട്ടിയെയോ മദാമ്മക്കുട്ടിയെയോ മൈക്കുമായി സംഘടിപ്പിച്ചൂടെ. അതിനും പറ്റിയില്ലെങ്കില്‍ മിനിമം നാട്ടില്‍ നിന്നെത്തിച്ച നാടന്‍ മൈക്കുകള്‍ എന്ന ദുരവസ്ഥയെങ്കിലും ഒഴിവാക്കിക്കൂടേ. മൈക്ക് മുന്നില്‍ കുത്തിവയ്ക്കാതെയും ശബ്ദം പിടിച്ചെടുക്കാനെല്ലാം ഇന്ന് പറ്റും.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലും ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം പരിപാടിക്ക് മുമ്ബും പിമ്ബും അപ്ഡേറ്റ് വേണം. ഇവിടെ ചില ചൊറിയന്മാര്‍ ചൊറിഞ്ഞു തുടങ്ങിയ ശേഷം അപ്ഡേറ്റ് ചെയ്യാന്‍ പറയരുത്. അഥവ എന്തെങ്കിലും ചെയ്താല്‍ തന്നെ തനിമ വേണം. ശ്രീ. ശ്രീമതി എന്നെല്ലാം സായിപ്പിന്റെ അക്കൗണ്ടില്‍ വേണ്ട. മിസ്റ്റര്‍ മതി. ഹോണററി മെമന്റോ എന്നെല്ലാം എഴുതിയ സാമദ്രോഹിയുടെ യഥാര്‍ത്ഥം ഉദ്ദേശം പിന്നീടാണെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ബൈ ദ ബൈ ഒരു ആദരവെല്ലാം ആകുമ്ബോള്‍ അതിനൊത്ത പലക വേണം. അക്രലിക്കില്‍ ഒരു മെമന്റോ തീര്‍ക്കാന്‍ അര മണിക്കൂര്‍ വേണ്ട. ഇനി നിങ്ങള്‍ക്ക് തിരക്കാണെങ്കില്‍ വരുന്നവരോട് തന്നെ വാങ്ങി വരാന്‍ പറഞ്ഞൂടെ. പുളിമൂട്ടില്‍ സുബ്രമണ്യം കോവിലിനടുത്ത് ലക്ഷ്യ മെമന്റോ ഷോപ്പില്‍ നല്ല പലക കിട്ടും. ഇന്റര്‍നാഷണല്‍ എന്ന ഗ്ലാമറാണ് ലക്ഷ്യമെങ്കില്‍ ഇതൊരു മലയാളി സംഘടിത കലാരൂപമാണെന്ന് പുറത്ത് അറിയാതിരിക്കുകയാണ് നല്ലത്. അതുകൊണ്ട് ഫോട്ടോയ്ക്ക് തള്ളിനിക്കരുത്. സംശയമുണ്ടെങ്കില്‍ മാണി സാറിനെ വിളിച്ചാല്‍ മതി. എങ്ങനെ ബ്രിട്ടീഷ് പാര്ലമമെന്റിന്റെ അപ്പുറത്ത് ഹാള്‍ വാടകയ്ക്കെടുത്ത് അധ്വാനവര്‍ഗസിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു എന്ന് വരുത്തിത്തീര്‍ത്തത് എന്ന് പഠിക്കണം. വേദനയോടെ മാണി സാറിനു വേണ്ടി ഫോട്ടോകളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും അന്തര്‍ധാനം ചെയ്ത ആ സുമനസുകളെ നോക്കിപ്പഠിക്കണം-ഇങ്ങനെയാണ് വിവാദത്തില്‍ ജാവേദിന്റെ പുതിയ കുറിപ്പുകള്‍.
കെ എം മാണിയുടെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ സ്വീകരണവും ഉമ്മന്‍ ചാണ്ടിയുടെ യുഎന്നിലെ അവാര്‍ഡ് വിതരണവും ഇതോടൊപ്പം ട്രോളര്‍മാര്‍ ചര്‍ച്ചയാക്കി. സന്ദര്‍ശനത്തെ സ്വീകരണമാക്കി മാറ്റിയതിനെതിരെ വിമര്‍ശനം ഉയര്‍ത്തി. സിനിമാ താരം പൃഥ്വിരാജിന്റെ അമ്മാവനാണ് (അമ്മയുടെ സഹോദരന്‍) എംവി പിള്ള. അമേരിക്കയിലെത്തുന്ന വിഐപിമാരെയെല്ലാം സ്വീകരിക്കുകയും ആതിഥേയത്വം നല്‍കുകയും ചെയ്യുന്നത് പൃഥ്വിരാജിന്റെ അമ്മാവന്‍ തന്നെയാണ്. പിണറായിയെ കൊണ്ടു പോയതും എംവി പിള്ള. കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് പിന്നിലെ ചാലക ശക്തിയും ഈ മലയാളി ഡോക്ടറാണ്. ഈ സാഹചര്യത്തില്‍ പിണറായിയെ ഈ സ്ഥാപനത്തിലേക്ക് സന്ദര്‍ശനത്തിന് എംവി പിള്ള കൊണ്ടു പോവുകയായിരുന്നു. പിണറായിയും ശൈലജ ടീച്ചറും എത്തിയപ്പോള്‍ മൊമന്റോ നല്‍കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തത്. ഇതിന് ആദരവായി കാട്ടി പത്രക്കുറിപ്പ് ഇറക്കിയത് ആരോഗ്യമന്ത്രിയുടെ ഓഫീസായിരുന്നു.
നേരത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വീകരണം നല്‍കുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരനായ ഡോ. എം വി പിള്ള പറഞ്ഞു. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ 25 ഏക്കര്‍ കാമ്ബസില്‍ ഐഎവിയുടെ കെട്ടിടനിര്‍മ്മാണം മെയ് 30 ന് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കത്ത് കിട്ടുന്നത്. പ്രിയപ്പെട്ട പിണറായി വിജയന്‍ വൈറോളി ഇന്‍സ്റ്റിറ്യൂട്ട് ഭാവി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്ഥാപനം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇതാണ് കത്തിലെ വാചകങ്ങള്‍. ഇതിനെ എങ്ങനെ ആദരിക്കുന്നതായി വിശദീകരിക്കാനാകുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. എന്നാല്‍ നിപ്പ രോഗപ്രതിരോഗ പ്രവര്‍ത്തങ്ങളില്‍ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരഷ്ട്ര അംഗീകാരമെന്നും അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ആദരവ് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി പ്രിയപ്പെട്ട സഖാവ് കെകെ ഷൈലജ ടീച്ചറും എറ്റു വാങ്ങുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവന്ന പത്രക്കുറിപ്പിലുണ്ടായിരുന്നത്. ഇതോടെയാണ് പിണറായിയുടെ യാത്രയില്‍ വിവാദം ഉണ്ടാകുന്നത്.
മനോരമ ലേഖകനായ ജാവേദ് പര്‍വേശാണ് ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. ബാള്ട്ടിമോറിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ് വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി. സന്ദര്ശകര്ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവര്‍ നല്‍കിയെന്നാണ് ജാവേദ് പര്‍വേശ് കുറിപ്പിടുന്നത്. ഇതിന് പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐഎച്ച്‌വി)യുടെ പത്രക്കുറിപ്പും എത്തി. ഇതോടെയാണ് കെ എം മാണിയെ ബ്രിട്ടീഷ് പാര്‍ലമെന്റും ഉമ്മന്‍ ചാണ്ടിയെ യുഎന്നും ആദരിച്ചെന്ന് പറയുന്നതിന് സമാനമായ സ്വീകരണമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിണറായിക്കും കിട്ടിയതെന്ന വാദം സജീവമാകുന്നത്. അമേരിക്കയില്‍ എത്തിയ പിണറായി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. വിഐപികള്‍ എത്തുമ്ബോള്‍ നല്‍കുന്ന ആദരവ് പിണറായിക്കും കൊടുത്തു. അല്ലാതെ ആരും ആരേയും അങ്ങോട്ട് വിളിച്ച് ആദരിച്ചില്ലെന്ന വാദമാണ് ഇത് സജീവമാക്കുന്നത്. ഈ പത്രക്കുറിപ്പും എത്തിയതോടെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.