രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതു തടയാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അവരുടെ അന്തര്‍നാടകങ്ങള്‍ പിന്നീടു വെളിപ്പെടുത്തും. രാഹുലിനെ കോണ്‍ഗ്രസില്‍ ആരും തടഞ്ഞിട്ടില്ല. അദ്ദേഹം വയനാട്ടില്‍ മത്സരിക്കരുതെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. രാഹുല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. അന്തിമതീരുമാനം രാഹുലിന്റേതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടികയ്‌ക്ക് അംഗീകാരം നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പു സമിതി സോണിയ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. മൂന്നുപേരായിരുന്നു യോഗത്തിലെ മലയാളി സാന്നിധ്യം. തുടക്കം മുതല്‍ പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാലും. പിന്നീട് ഒഡിഷ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി വി.ഡി. സതീശനുമെത്തി.
മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക അംഗീകരിക്കലായിരുന്നു പ്രധാന അജന്‍ഡ. പക്ഷേ കേരളത്തില്‍ നിന്നുള്ള വലിയ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും വയനാട് വിഷയം അതേ ഗൗരവത്തില്‍ രാഹുലിനു മുന്നില്‍ ഉന്നയിക്കാന്‍ നേതാക്കള്‍ക്ക് അവസരം ലഭിച്ചില്ല. വയനാടിനെക്കുറിച്ചു സംസാരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും തയാറായില്ല. കേരളത്തില്‍ മല്‍സരിക്കുന്നതിലുള്ള വിയോജിപ്പു നേരത്തെ സഖ്യകക്ഷി നേതാക്കള്‍ രാഹുലിനെ അറിയിച്ചിരുന്നു.
എന്‍സിപി നേതാവ് ശരത് പവാറും എല്‍ജെഡി നേതാവ് ശരത് യാദവുമാണ് ഇടതുപക്ഷത്തോട് ഏറ്റുമുട്ടരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അമേഠിയോടൊപ്പം ഒരു സുരക്ഷിത മണ്ഡലം കൂടി എന്നതിന് രാഹുല്‍ പരിഗണന നല്‍കുന്നതായാണ് സൂചന.