കൊച്ചി: വരാപ്പുഴയില്‍ പൊലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിനെ കസ്‌റ്റഡിയില്‍ നിന്നും മോചിപ്പിക്കാനെന്നും പറഞ്ഞ് വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്‌പിന്‍ സാം 25,000 രൂപ കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തല്‍. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ഇടനിലക്കാരന്‍ വഴി സി.ഐയുടെ ഡ്രൈവര്‍ കൈപ്പറ്റി.
ശ്രീജിത്തിന് ചികിത്സ നല്‍കാമെന്നും കേസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞാണ് ഇയാള്‍ പണം കൈപ്പറ്റിയത്. കസ്‌റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇയാള്‍ സി.ഐയ്‌ക്ക് നല്‍കാനായി പണം കൈപ്പറ്റിയത്. എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഇടനിലക്കാരന്‍ വഴി ഈ പണം ബന്ധുവിന് കൈമാറിയതായും ഒരു സ്വകാര്യ മലയാളം ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു.
അതേസമയം, കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതികളാക്കി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുന്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐ ജയാനന്ദന്‍, എ.എസ്.ഐ സന്തോഷ് ബേബി, സി.പി.ഒമാരായ സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പ്രതികളാക്കിയത്. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ച് മര്‍ദ്ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
ഇവരെ പ്രതികളാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ, പറവൂര്‍ സി.ഐ ക്രിസ്‌പിന്‍, വരാപ്പുഴ എസ്.ഐ ദീപക്ക് എന്നിവരേയും റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായിരുന്നു സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.