ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായി പ്രതിപക്ഷംനടത്തുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിയമപരമായ അയോഗ്യതയോ ദുര്‍ഭരണം നടത്തിയെന്ന് തെളിയുകയോ ചെയ്താല്‍ മാത്രമേ ഇംപീച്ച്‌മെന്റ് നീക്കം പാടൂള്ളൂ. ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്ന നീക്കം സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് ഭീഷണിയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പകപോക്കലാണ് പ്രതിപക്ഷത്തിന്‍റെ ഈ നീക്കത്തിന് പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. പൊതുവിലും രാഷ്ട്രീയഇടങ്ങളിലും അത്തരമൊരു വ്യാജബോധം സൃഷ്ടിക്കാനും അവര്‍ ശ്രമിച്ചു. സുപ്രീംകോടതി വിധിയോടെ ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പൊതുതാല്പര്യ ഹര്‍ജികളെ നിയമസംസ്ഥാപനത്തെ താറുമാറാക്കുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
തങ്ങളുടെ കള്ളത്തരം പൊളിഞ്ഞതിലുള്ള പ്രതികാരം വീട്ടാനാണ് ഇംപീച്ച്‌മെന്റ് നോട്ടീസിനെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത്. ഒരു ജഡ്ജിയ്‌ക്കെതിരെ നടപടി ആവശ്യപ്പെടുന്നതിലൂടെ മറ്റ് ജഡ്ജിമാരെയും ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ ഇതാവും അവസ്ഥയെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.