മോസ്‌കോ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്. സ്‌പെയിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ഇതോടെ ഈ ലോകകപ്പില്‍ നാലു ഗോളായി.
ആദ്യ മത്സരത്തില്‍ സമനിലയും ഇന്ന് വിജയവും കണ്ട പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ രണ്ടുമത്സരങ്ങളിലും തോറ്റ മൊറോക്കോയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി.
അനായാസമായിരുന്നില്ല പോര്‍ച്ചുഗലിന്റെ ജയം. മത്സരത്തിന്റെ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയ മൊറോക്കോക്കെതിരെ തുടക്കത്തില്‍ നേടിയ ലീഡ് കാക്കാന്‍ പോര്‍ച്ചുഗലിന് നന്നേ വിയര്‍ക്കേണ്ടി വന്നു. മൊറോക്കോ മുന്നേറ്റ നിരയില്‍ ഒരു ഗോളടിക്കാരന്റെ കുറവായിരുന്നു മത്സരഫലത്തില്‍ നിര്‍ണായകമായത്.
ആദ്യ മത്സരത്തില്‍ ഇറാനോട് പരാജയപ്പെട്ട മൊറോക്കോ ജീവന്മരണ പോരാട്ടമാണ് ലൂസിനിക്കി സ്‌റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. യുവന്റസ് പ്രതിരോധതാരം ബെനാറ്റിയയാണ് നിരവധി ഗോളവസരങ്ങളൊരുക്കിയത്. മൊറോക്കോയുടെ ആക്രമണങ്ങള്‍ക്കു മുന്നില്‍ പറങ്കികള്‍ക്ക് പലതവണ അടിതെറ്റിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം ഗോള്‍ നേടാനായില്ല. മധ്യനിരയിലും കളിയുടെ നിയന്ത്രണം മൊറോക്കോക്കായിരുന്നു.
ഈ ലോകകപ്പിലെ തന്റെ നാലാം ഗോളുമായി ഗോള്‍ഡന്‍ബൂട്ടിന് അവകാശമുന്നയിച്ചെങ്കിലും റൊണാള്‍ഡോയ്ക്ക് മൊറോക്കോയ്‌ക്കെതിരേ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.