തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് ഒാഫിസുകള്‍ കോര്‍ പോസ്റ്റല്‍ സംവിധാനത്തിലേക്ക് മാറുന്നത് മൂലം മണിയോര്‍ഡര്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷനുകള്‍ വരും മാസങ്ങളില്‍ വൈകിയേക്കും. മേയ് ഒന്നു മുതലാണ് പോസ്റ്റ് ഒാഫിസുകള്‍ പുതിയ സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയത്. ജൂണ്‍ 12ഒാടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകൂ. പോസ്റ്റ് ഒാഫിസുകളുടെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റം വരുത്തുന്നതാണ് പുതിയ കോര്‍ സംവിധാനം. മണിയോര്‍ഡര്‍ പെന്ഷന് വൈകാനിടയുള്ള സാഹചര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ ട്രഷറി ഡയറക്ടര്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്കി.
മണിയോര്‍ഡര്‍ പെന്ഷന് വൈകുമെന്ന വിവരം അടിയന്തരമായി ഇടപാടുകാരെ അറിയിക്കാനും തുടര്‍ന്നുള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാനും ട്രഷറികള്‍ക്ക് നിര്‍ദേശമുണ്ട്. പെന്‍ഷന്‍കാരുടെ വിലാസത്തിലെ പിന്‍കോഡ്, പോസ്റ്റ് ഒാഫിസ് എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം. വ്യത്യാസമുള്ളവ മേയ് 28ന് മുമ്ബായി മണിയോര്‍ഡര്‍ സമര്‍പ്പിക്കുന്ന പോസ്റ്റ് ഒാഫിസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണം. മേയില്‍തന്നെ പുതിയ സോഫ്റ്റ്വെയര് സ്വീകരിക്കുന്ന പോസ്റ്റ് ഒാഫിസുകളില്‍ അടുത്ത ജൂണിലെ പെന്ഷന് മണിയോര്‍ഡര്‍ തുക പോസ്റ്റ് ഒാഫിസ് അക്കൗണ്ടുകളില്‍ െക്രഡിറ്റ് ചെയ്യുന്നതിന് മുമ്ബായി പോസ്റ്റ് ഒാഫികളുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
കോര്‍ പോസ്റ്റല്‍ സംവിധാനം നടപ്പാകുന്നതോടെ നിലവില്‍ മൂന്നു ദിവസംകൊണ്ട് ചെയ്തിരുന്ന നടപടികള്‍ അതിവേഗത്തിലാകും. സാമ്ബത്തിക ഇടപാടുകള്‍ കൃത്യവും വേഗമാര്ന്നതുമാകും. തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഒാഫിസ്, കാട്ടാക്കട , പാലാ ,അയ്യന്തോള്‍ ഹെഡ് പോസ്റ്റ് ഒാഫിസുകളും അതിനു കീഴിലെ സബ് ഒാഫിസുകളും ഇതിനകം കോര്‍ പോസ്റ്റല്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റുള്ളവയും പുതിയ സംവിധാനത്തിലേക്ക് വരും.