പോക്‌സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ തീരുമാനം. പോക്‌സോ കേസുകളുടെ അന്വേഷണം, നിയമനടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിലാണ് തീരുമാനം. ആറുവകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതി അംഗങ്ങളാകും. രണ്ടു മാസത്തിലൊരിക്കല്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പോക്‌സോ സമിതിയുടെ നേത്യത്വത്തില്‍ സ്‌കൂളുകളില്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കും. വീടുകളിലടക്കം നേരിടേണ്ടി വരുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമ ബോധവല്‍ക്കരണം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വാളയാര്‍കേസില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു എന്ന പരാതി ശക്തമായി ഉയരുന്നതിനിടെയാണ് യോഗം വിളിച്ചത്.