രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (85) അന്തരിച്ചു. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു പ്രണബ്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തിരുന്നു.
മുന്‍ രാഷ്ട്രപതിയുടെ നിര്യാണവാര്‍ത്തയ്‌ക്കു പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടി. സെപ്‌റ്റംബര്‍ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
ഇന്ത്യ യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗമായിരുന്നു (1982-1985). കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, എഐസിസി ട്രഷറര്‍, കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി ട്രഷറര്‍, എഐസിസിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡ്വൈസറി സെല്‍ അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കര്‍ മുഖര്‍ജിയുടെയും രാജ്‌ലക്ഷ്‌മി മുഖര്‍ജിയുടെയും ഇളയ മകന്‍.
ഭാര്യ: പരേതയായ സുവ്രാ മുഖര്‍ജി. മക്കള്‍: ശര്‍മിഷ്‌ഠ മുഖര്‍ജി, അഭിജിത് മുഖര്‍ജി, ഇന്ദ്രജിത് മുഖര്‍ജി.