മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ക്രിസ്തുവിന് മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനായിരുന്ന ഡയോജനസ്, ഗ്രീക്ക് ജീവചരിത്രകാരനും പ്രബന്ധകാരനും ഇതിഹാസകാരനും ചിന്തകനും ആയ പ്ലൂട്ടാര്‍ക്ക് എന്നിവരാണ് ഇനി പറയുന്ന ചിന്താവിഷയത്തിലെ വ്യക്തികള്‍. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് പ്ലൂട്ടാര്‍ക്ക് പറഞ്ഞ കഥ കേട്ടുകൊണ്ട് നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം.
ഡയോജനസ് ഒരു അസ്ഥി കൂമ്പാരത്തിന് മുന്നില്‍ അതീവ ശ്രദ്ധയോടെ നോക്കി നില്‍ക്കുകയായിരുന്നു.
""താങ്കള്‍ എന്താണ് ഇത്ര ശ്രദ്ധിച്ച് നോക്കി നില്‍ക്കുന്നത്...'' അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ചോദിച്ചു.
""എനിക്ക് കാണാന്‍ കഴിയാത്ത ചിലതിനെ നോക്കുകയാണ്...''
""എന്താണത്...''
""താങ്കളുടെ പിതാവിന്റെ അസ്ഥികളും അദ്ദേഹത്തിന്റെ അടിമകളുടെ അസ്ഥികളും തമ്മിലുള്ള വ്യത്യാസം...'' ഒരു അവധൂതന്റെ അനാസക്തമായ ചിരിയോടെ ഡയോജനസ് പറഞ്ഞു. അതിന്റെ പതിഞ്ഞ മുഴക്കം അവിടെ നിറഞ്ഞു നിന്നു.
***
മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസമില്ല. അടിമയും ഉടമയും തമ്മില്‍ ഭേദമില്ല. ഹിന്ദുവും മുസ്‌ളീമും തമ്മില്‍, അറബികളും ഇസ്രായേലികളും തമ്മില്‍, അമേരിക്കനും റഷ്യാക്കാരനും തമ്മിലും വ്യത്യാസമില്ല. തനിക്ക് കാണാന്‍ കഴിയാത്ത ചിലത് കാണില്ലെന്നുറപ്പായിട്ടും ഡയോജനസ് അസ്ഥിക്കൂമ്പാരത്തെ വ്യര്‍ത്ഥമായി നോക്കിനിന്നത്...ചിരിച്ചത് ഈ 21-ാം നൂറ്റാണ്ടില്‍ പാതി ഉറക്കത്തില്‍ ജീവിക്കുന്ന നമുക്കു നേരേ മുഴക്കത്തോടെ ഉയരുന്നത് നാമെല്ലാം ഒരുപോലെ കേള്‍ക്കുന്ന ഒരു ദിവസം വരും...
ഇതൊരു പ്രതീക്ഷയാണ്. പക്ഷേ പരമാര്‍ത്ഥം അതല്ല. ""നല്ല ദിനങ്ങള്‍ വരും...'' എന്ന് ജനങ്ങളെ വല്ലാതെ മോഹിപ്പിച്ചാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റത്. അടുത്ത വര്‍ഷം മോഡിയുടെ അഞ്ചുവര്‍ഷ കാലാവധി തീരാനിരിക്കെ നല്ല ദിനങ്ങള്‍ വന്നുചേര്‍ന്നത് മോദിക്കും ബി.ജെ.പിക്കും സംഘപരിവാരുകാര്‍ക്കും മതഭ്രാന്തന്‍മാരായ നരഭോജികള്‍ക്കും പിന്നെ വമ്പന്‍ കോര്‍പറേറ്റുകള്‍ക്കുമെക്കെയാണ്. മനുഷ്യനെയും മനുഷ്യനെയും ജാതിപ്പേരില്‍ വിഭജിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൊണ്ട് അസ്ഥിക്കൂമ്പാരങ്ങള്‍ തീര്‍ക്കുന്ന ഭരണകൂട ഭീകരത നമുക്കിന്ന് ആര്‍ഷ ഭാരതത്തില്‍ കാണാന്‍ കഴിയും.
""2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ ഇന്ത്യ, ഹിന്ദു പാകിസ്ഥാനായി മാറും. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടും. ബി.ജെ.പി പുതിയ ഭരണഘടനയുണ്ടാക്കും, ഇന്ത്യയെ ഒട്ടും സഹിഷ്ണുതയില്ലാത്തൊരു രാജ്യമാക്കും. അവര്‍ക്ക് ഭരണത്തുടര്‍ച്ച കിട്ടിയാല്‍ നമ്മുടെ ജനാധിപത്യ ഭരണഘടന പിന്നെ നിലനില്‍ക്കില്ല. ഇന്ത്യന്‍ ഭരണഘടനയെ ചീന്തിയെറിയാനും പുതിയതൊന്ന് എഴുതാനും ആവശ്യമായ എല്ലാം അവരുടെ കയ്യിലുണ്ടാകും.
ആ പുതിയ ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുകളയും. അതൊരു ഹിന്ദു പാകിസ്ഥാനുണ്ടാക്കും. മഹാത്മ ഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികളും വിഭാവനം ചെയ്ത ഇന്ത്യ ഇതല്ല...'' കുറച്ച് നാള്‍ മുമ്പ് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞതാണിത്.
തരൂരിന്റെ വാക്കുകള്‍ വിവാദമുണ്ടാക്കി. കാരണം കാവിവല്‍ക്കരണം പാരമ്യത്തിലെത്തിനില്‍ക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്റെ (പി.ബി.ഡി) തീയതി മാറ്റിക്കൊണ്ടുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം. 20 വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ പ്രവാസ ജീവിതം നയിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന ദിവസത്തെ അനുസ്മരിച്ചുകൊണ്ട് പ്രവാസി ഭാരതീയ ദിവസ് നടത്തുന്നത് ജനുവരി ഒന്‍പതാം തീയതിയാണ്. 1915 ജനുവരി 9നാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈയില്‍ കപ്പലിറങ്ങിയത്. ഒരു പ്രവാസി എന്ന നിലയില്‍ മഹാത്മജിയുടെ മടങ്ങി വരവിന്റെ ഓര്‍മപുതുക്കുക എന്ന തികഞ്ഞ ഔചിത്യമുള്‍ക്കൊണ്ടാണ് പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം ജനുവരി 9ന് ഇന്നേവരെ നടത്തിയിട്ടുള്ളത്.
എന്നാല്‍ 2019ലെ 15-ാം പ്രവാസി ഭാരതീയ ദിവസ് 2019 ജനുവരി 21, 22, 23 തീയതികളില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടുമെന്ന് വിദേശമന്ത്രാലയം ഒരു സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്റെ പ്രതിനിധിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന ദിവസത്തെ അനുസ്മരിച്ചുകൊണ്ടാണ് പി.ബി.ഡി നടത്താന്‍ ജനുവരി 9 തെരഞ്ഞെടുത്തതെന്ന് ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
റിപ്പബ്ലിക് ദിന പരേഡിലും കുംഭമേളയിലും പങ്കെടുക്കണമെന്ന മഹാഭൂരിപക്ഷം വരുന്ന പ്രവാസികളുടെ വികാരം മാനിച്ചുകൊണ്ട് 15-ാം പ്രവാസി ഭാരതീയ ദിവസ് നടത്തുമെന്ന് വിവിധ ഇന്ത്യന്‍ എംബസികളും സ്ഥിരീകരിക്കുന്നു. ജനുവരി 24ന് രാവിലെ എല്ലാവരും അലഹാബാദിലെ കുംഭസ്‌നാനത്തിന് പോയി 25ന് പ്രത്യേക ട്രെയിന്‍ മാര്‍ഗ്ഗം ന്യൂഡല്‍ഹിയിലേയ്ക്ക് മടങ്ങിയെത്തുമെന്ന് പ്രോഗ്രാം ഷെഡ്യൂള്‍ വ്യക്തമാക്കുന്നു.
മോഡിയുടെ നാടായ ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു 2015 പി.ബി.ഡി നടന്നത്. ഗാന്ധിജിയുടെ ചിന്തകളും സന്ദേശങ്ങളും തിരിച്ചു കൊണ്ടു വരണം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അവസരങ്ങളുള്ള രാജ്യം ഇന്ത്യയാണെന്നും ഇതു ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവരെപ്പോലെ പ്രവാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മോഡി അന്ന് പറയുകയുണ്ടായി. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നു പ്രവാസ ജീവിതം കഴിഞ്ഞു തിരിച്ചെത്തിയതിന്റെ നൂറാം വാര്‍ഷികത്തിലാണ് സമ്മേളനം നടന്നത്. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയവും തപാല്‍ സ്റ്റാമ്പുകളും സമ്മേളനത്തില്‍ പുറത്തിറക്കിയിരുന്നു. ഇന്നതെല്ലാം ജലരേഖയായിരിക്കുന്നു. എന്തിനായിരുന്നു ആ പ്രഹസനം എന്ന് ചോദിക്കുന്നവരുണ്ട്.
2003 ജനുവരി 9ന് ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യത്തെ പി.ബി.ഡി ഉദ്ഘാടനം ചെയ്തത് ബി.ജെ.പിയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയാണ്. ജനുവരി 9നുതന്നെ പ്രവാസി ഭാരതീയ ദിവസ് നടത്തുന്നതിനെകുറിച്ച് അദ്ദേഹം എടുത്തു പറയുകയുണ്ടായി. ""88 വര്‍ഷം മുമ്പ് ഈ ദിവസത്തിലാണ് 20 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയില്‍ പ്രവാസി ഭാരതീയനായി ജീവിച്ച മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്നത്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിച്ചിരുന്ന വിവേചനത്തിനും അധസ്ഥിതാവസ്ഥയ്ക്കും ചൂഷണത്തിനുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ദേശസ്‌നേഹികളുടെ ഭാവനയെ മാത്രമല്ല, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെമ്പാടും നടന്ന സ്വാതന്ത്ര്യസമരങ്ങളെ അത് ഉത്തേജിപ്പിച്ചിരുന്നു...'' എന്ന് വാജ്‌പേയി പറഞ്ഞ് 16 വര്‍ഷം കഴിയുമ്പോള്‍, മറ്റൊരു ബി.ജെ.പി പ്രധാനമന്ത്രി അധികാരത്തിലിരിക്കുന്ന 2019ല്‍ പി.ബി.ഡി ഒരുപാട് കാവിവത്കരിക്കപ്പെട്ടിരിക്കുകയാണ്.
പ്രവാസിയായിരുന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്ന ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നതെന്ന് അറിയാത്തവരില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, മറ്റ് മേഖലകളിലെന്നപോലെ, നിലവിലെ ഗവണ്‍മെന്‍റ് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ സംഭാവനകളും ഓര്‍മ്മകളുമെല്ലാം മായ്ച്ചുകളയാനാണ് ആഗ്രഹിക്കുന്നത എന്ന ആക്ഷേപമുണ്ട്. പി.ബി.ഡിക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. കോടീശ്വരന്‍മാരായ വിദേശ ഇന്ത്യക്കാര്‍ക്ക് നെറ്റ്‌വര്‍ക്കിംഗിനും ഡൈനിംഗിനും മാത്രമായുള്ള ഒരു പ്ലാറ്റ്‌ഫോമായി അതു മാറി.
വിദേശത്ത് കഷ്ടപ്പെടുന്ന പാവപ്പെട്ട ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ചചെയ്യുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, എണ്ണ വില പ്രതിസന്ധി, പ്രാദേശികവത്ക്കരണ നയങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യന്‍ കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍, ഏറ്റവും മോശം സമയത്തെ അഭിമുഖീകരിക്കുകയാണ്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരുടേയും കയ്യില്‍ ഒന്നുമില്ലാതെ മടങ്ങിവരുന്നവരുടേയും എണ്ണം ഓരോ ആഴ്ചയും കൂടിവരികയാണ്. ഈ വിഷയങ്ങളെല്ലാം വളരെ വിരളമായേ അവിടെ ചര്‍ച്ചചെയ്യുന്നുള്ളൂ. കുംഭമേളയുമായി ഇതിനെ കൂട്ടിക്കലര്‍ത്തിയതോടെ ഇതൊരു വിശുദ്ധസ്ഥല സന്ദര്‍ശന പരിപാടിയായി മാറി...ഇത്തരത്തിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരെ ഒരുവേദിയില്‍ കൂട്ടിയിണക്കുന്ന പ്രവാസി ഭാരതീയ ദിവസ് മാത്രമേ കാവിവത്കരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. അത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. കുടിയേറ്റ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം മതപരമായ ആഘോഷവുമായി കൂട്ടിക്കലര്‍ത്തുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ലെന്നും നിരീക്ഷിക്കപ്പെടുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു സ്വത്വം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിജയം നേടുക അസാധ്യമായിരുന്നു. രാജ്യത്തെ അസമത്വവും ജാതിവ്യവസ്ഥയും ഇല്ലാതാക്കാന്‍ യാതൊരു ശ്രമവും മോദി സര്‍ക്കാര്‍ നടത്തുകയുണ്ടായില്ല.
സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും പോലുള്ള ഏജന്‍സികളെ സങ്കുചിത രാഷ്ടീയ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു. മോഡിയേയും അമിത് ഷായേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ഉപകരണങ്ങളായിരിക്കുന്നു ഇവ. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചും വര്‍ഗീയ ധ്രുവീകരണത്തില്‍ കേന്ദ്രീകരിച്ചും എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ചും നീങ്ങുന്ന ബി.ജെ.പിയുടെ നയമാണ് യഥാര്‍ത്ഥത്തില്‍ ദേശ ദ്രോഹമാകുന്നത്. മോഡി രാജില്‍ ഇന്നത് സംഭവിച്ചു കഴിഞ്ഞു. അസ്ഥിക്കൂമ്പാരങ്ങളില്‍ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ മായാത്ത, തെളിഞ്ഞ അടയാളങ്ങളുണ്ട്...