• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പത്മഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെയും ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായെയും സഭയായി ആദരിക്കുന്നു.

ന്യൂയോർക്ക്. പരമോന്നത ബഹുമതിയായ പത്മഭൂഷൺ നൽകി ഭാരതം ആദരിച്ചതിലൂടെ രാഷത്തിന്റെ ബിഷപ്പും ഏപ്രിൽ 27ന് നൂറ്റിഒന്നാം വയസ്സിലേക്ക് പ്രവേശിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ആയ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായെയും, പൗരോഹിത്യത്തിന്റെ അറുപത് വർഷം പൂർത്തീകരിച്ച മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മയെയും സഭയായി ആദരിക്കുന്നു.

ഏപ്രിൽ 30ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ലാ ഡോ.അലക്സാണ്ടർ മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു മുഖ്യ അതിഥി ആയിരിക്കുന്നതും രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ കുര്യൻ, മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന യോഗം മലങ്കര യാക്കോബായ സഭയുടെ സിനഡ് സെക്രട്ടറി ബിഷപ് ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ്, മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ലാ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് തുടങ്ങിയ സഹോദരീ സഭകളിലെ ബിഷപ്പുമാർ, വൈദീകർ എന്നിവർ സംബന്ധിക്കുന്ന സമ്മേളനത്തിൽ സഭാ ട്രഷറാർ പി.പി അച്ചൻകുഞ്ഞ് സഭയുടെ ഉപഹാരം സമർപ്പിക്കുന്നതും ബിഷപ് ഡോ. ഗീവർഗീസ് മാർ തിയഡോസിയോസ് സ്വാഗതവും, സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് കൃതജ്ഞതയും അറിയിക്കും.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തെ പ്രതിനിധികരിച്ച് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

 

Top