രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശബരിമല ദര്‍ശനത്തിനു ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിഗമനത്തിലെത്തിയത്. രാഷ്ട്രപതി ജനുവരി ആറിന് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നതായാണ് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അറിയിച്ചത്. ഇതിനായി ഞായറാഴ്‌ച സംസ്ഥാനത്ത് എത്തുമെന്നും അറിയിച്ചിരുന്നു. 3 ദിവസം കൊണ്ട് മുഴുവന്‍ സുരക്ഷയും ഒരുക്കാന്‍ കഴിയില്ലെന്നാണു യോഗത്തില്‍ ഉയര്‍ന്ന ആശങ്ക. പാണ്ടിത്താവളത്തില്‍ ഹെലിപ്പാഡായി ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളത്. ഇത് ഉപയോഗിക്കാമെന്നും രാഷ്ട്രപതി ഭവനെ അറിയിച്ചു. രാഷ്ട്രപതിക്കു സന്നിധാനത്തു ദര്‍ശനം നടത്താന്‍ മകരവിളക്ക് തീര്‍ഥാടന സമയത്ത് 3 ദിവസം കൊണ്ടു സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഹെലിപ്പാഡായി ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്കിന്റെ ഉറപ്പ് പരിശോധിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല വിഭാഗത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.