• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദ്രൗപദി മുർമുവിന് ചരിത്ര വിജയം; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വൻഭൂരിപക്ഷത്തോടെ മുന്നിൽ. രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് കിട്ടി. അക്ഷരമാലാ ക്രമത്തിൽ, ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ സസാധുവായ വോട്ടുകളുടെ എണ്ണം 1,138. ഇതിന്റെ ആകെ മൂല്യം 1,49,575. മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി അറിയിച്ചു. ഇതുവരെ എണ്ണിയതിൽ ദ്രൗപദി മുർമുവിന് 71.79 ശതമാനം വോട്ട് കിട്ടി.

ആദ്യ റൗണ്ടിൽ എംപിമാരുടെ വോട്ടാണ് എണ്ണിയത്. സാധുവായ 748 വോട്ടിൽ, മുർമുവിന് 540 വോട്ടും, പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടും കിട്ടി. പാർലമെന്റ് മന്ദിരത്തിൽ ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ 11 മണിയോടെ എല്ലാം സ്ംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റ് പെട്ടികൾ തുറന്നിരുന്നു.

ആദ്യറൗണ്ടിൽ പാർലമെന്റംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ ദ്രൗപദി മുർമുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ അറിയിച്ചു. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 21 വോട്ടും, 2012 ൽ 15 ഉം വോട്ടുകൾ അസാധുവായിരുന്നു.


മുർമുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകൾ അസാധുവായെന്നും പി.സി. മോദി അറിയിച്ചു. പാർലമെന്റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് ദ്രൗപദി മുർമുവിനെ കണ്ട് ആശംസകൾ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നുവൈകീട്ട് വൻ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. അതിനിടെ ദ്രൗപദി മുർമുവിന്റെ ജന്മനാടായ ഒഡിഷയിൽ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

മുർമുവിന്റെ റായ് രങ്പൂരിലെ ഇരുനില കെട്ടിടത്തിന് മുന്നിലാണ് ആഘോഷങ്ങൾ. ഒരു കൂട്ടം ആളുകൾ വീടിന് മുന്നിൽ നൃത്തം ചവിട്ടുന്ന വീഡിയോ പുറത്തുവന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്‌റംഗ്പുരിലെ സാന്താൾ ഗോത്ര വിഭാഗത്തിൽ നിന്ന് പോരാടി ഉയർന്നുവന്ന നേതാവാണ് ദ്രൗപദി. യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം നടത്തിയ ഐക്യനീക്കം ഫലം കണ്ടില്ല.

വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ, വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറും. എംപിമാരും എംഎൽഎമാരും അടങ്ങിയ ഇലക്ട്രൽ കോളേജിലെ 4,796 പേർ വോട്ടുരേഖപ്പെടുത്തി. 99ശതമാനം പോളിങ്. കേരളം അടക്കം 12 ഇടങ്ങളിൽ 100ശതമാനം പോളിങ്. ബിജെപിക്കും സഖ്യകക്ഷികൾക്കും പുറമേ ബിജെഡി, ബിഎസ്‌പി, വൈഎസ്ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം എന്നീ പാർട്ടികളുടെയും പിന്തുണ ദ്രൗപദി മുർമുവിന് കിട്ടി. ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിൻഹയ്ക്ക് ആശ്വാസമായത്.

രാജ്യത്തെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണറെന്നതിനൊപ്പം, ആദ്യ ഗോത്രവർഗ രാഷ്ട്രപതി എന്ന സവിശേഷതയും ദ്രൗപദിക്കു സ്വന്തമായി. ഇക്കഴിഞ്ഞ 20ന് 64 വയസ്സു തികഞ്ഞ ദ്രൗപദിക്കു വൈകി വന്ന പിറന്നാൾ സമ്മാനമാണ് ഇത്. സാമൂഹിക സേവനത്തിലും നിർധന ശാക്തീകരണത്തിലും താൽപര്യമെടുക്കുന്ന ദ്രൗപദി, ഗവർണർ പദവിയിലുൾപ്പെടെ ഭരണപരമായ മികവു തെളിയിച്ചിട്ടുണ്ട്.

ദ്രൗപദിയുടെ ജന്മനാടായ ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപർബേദയിൽ വൈദ്യുതിയും നല്ല റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെത്തിയതു രണ്ടായിരമാണ്ടിനു ശേഷമാണ്. ദ്രൗപദിയുടെ പിതാവ് ബിരാൻചി നാരായൺ ടുഡു മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധാലുവായിരുന്നു. ദ്രൗപദി, ഭുവനേശ്വർ രമാദേവി വിമൻസ് കോളജിൽ നിന്നും ബിരുദം നേടി. രായിരനഗ്പുർ അരവിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ കുറച്ചു കാലം അദ്ധ്യാപികയായിരുന്നു. പിന്നീടു സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി.

1997ൽ രായിരനഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും റായ്‌റംഗ്പുർ എംഎൽഎയായി. 2000 ത്തിൽ ഒഡീഷയിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീൻ പട്‌നായിക് മന്ത്രിസഭയിൽ 2006-09 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മികച്ച എംഎൽഎയ്ക്കുള്ള 'പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം' 2007ൽ ലഭിച്ചു. ജില്ല മുതൽ ദേശീയ തലം വരെ ബിജെപി ഭാരവാഹിയായി. 2015 ൽ ജാർഖണ്ഡ് ഗവർണറായി.

2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.

Top