കരിയറിലെ 101ാമത്തെ ചിത്രവുമായി പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ വര്‍ഷത്തെ പൃഥ്വിരാജിന്റെ മൂന്നാമത്തെ റിലീസാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ ആയിരുന്നു 100ാം ചിത്രം. സെപ്തംബര്‍ ഏഴിന് തിയറ്ററിലെത്തുന്ന രണത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. വിദേശ രാജ്യങ്ങള്‍ ലൊക്കേഷനാകുന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ ക്രോസ് ഓവര്‍ ചിത്രമായിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം സിനിമയുടെ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.
ഈ വര്‍ഷം തിയറ്ററിലെത്തിയ പൃഥ്വിരാജ്-പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയും വിദേശ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിനായില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് രണം. എഷ്യാനെറ്റാണ് രണത്തിന്റെ ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
നവാഗതനായ നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളാകുന്നു. 2016 ജൂലൈ മാസത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് രണം പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. എന്നാല്‍ കാര്‍ബണ്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ തിരക്കുകളുമായി ബന്ധപ്പെട്ട് മംമ്ത പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇഷ തല്‍വാര്‍ നായികയായി എത്തുകയായിരുന്നു. ദാമോദര്‍ രത്‌നം എന്ന ശക്തമായ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് തമിഴ് താരം സമ്ബത്തിനെയായിരുന്നു. പിന്നീട് ആ കഥാപാത്രമായി റഹ്മാന്‍ എത്തുകയായിരുന്നു.