• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കും

ന്യൂഡല്‍ഹി : സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമാക്കാനും തീരുമാനമായി.

ആയുര്‍വേദ, യുനാനി ഉള്‍പ്പെടെയുള്ള പാരമ്ബര്യ ചികിത്സചെയ്യുന്നവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാന്‍ ഒരു ബ്രിഡ്ജ് കോഴ്‌സ് തുടങ്ങാന്‍ തീരുമാനമായി. അതേസമയം ബ്രിഡ്ജ് കോഴ്‌സ് പാസായവര്‍ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാന്‍ അനുവാദമുണ്ടാകില്ല. പാരമ്ബര്യ വൈദ്യം പഠിച്ചവര്‍ക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രം ഒഴിവാക്കുകയായിരുന്നു.

അവസാന വര്‍ഷ എംബിബിഎസ് പരീഷ ഏകീകൃതമാക്കാനും ഇതിന് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ( നക്സ്റ്റ് ) എന്ന് പേര് നല്‍കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നില്‍ നിന്ന് ആറാക്കി ഉയര്‍ത്തും. ബില്ലിലെ വ്യവസ്ഥകള്‍ മെഡിക്കല്‍ കോളേജുകള്‍ നടപ്പാക്കിയില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടികള്‍ കര്‍കശമാക്കി.

Top