ഇപ്പോള്‍ എന്താണോ ഇന്ത്യയില്‍ നടക്കുന്നത് അത് ഏറ്റവും ദുഃഖകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
രാജ്യത്തിന് ഏറ്റവും വിലപ്പെട്ട തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ബിജെപി വാഗ്‌ദാനം ചെയ്‌തത് രണ്ടു കോടി ജോലിയാണ്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ആവശ്യമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തേണ്ടതില്ല. പ്രിയങ്ക പറഞ്ഞു.
നിങ്ങള്‍ക്കു മുന്നില്‍ സംസാരിക്കേണ്ടവര്‍ ആരാണ്? ആലോചിച്ചു തീരുമാനമെടുക്കണം. വാഗ്‌ദാനം ചെയ്‌ത ജോലി എവിടെ? നല്‍കാമെന്നു പറഞ്ഞ 15 ലക്ഷത്തിന്റെ കാര്യമെവിടെ? സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി എന്താണുള്ളത്? എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം പ്രിയങ്ക ആവശ്യപ്പെട്ടു.
നമ്മള്‍ രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ വികസനത്തില്‍ ശ്രദ്ധചെലുത്തുകയും വേണം. സ്‌നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ചതാണ് ഇന്ത്യ. ബോധവത്‌കരണത്തേക്കാള്‍ വലിയൊരു ദേശീയതയില്ല. കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
രാവിലെ സബര്‍മതി ഗാന്ധി ആശ്രമത്തിലെ പ്രാര്‍ഥനയോടെയായിരുന്നു പ്രവര്‍ത്തക സമിതിയുടെ തുടക്കം. ഷഹീദ് സ്‌മാരകത്തില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത സൈനികര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച ശേഷമാണ് നേതാക്കള്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശീയ സ്‌മാരകത്തില്‍ സമ്മേളനത്തിനെത്തിയത്.
ദേശീയത വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ പ്രതിരോധിക്കേണ്ടത് എങ്ങനെ എന്നതായിരുന്നു പ്രധാന ചര്‍ച്ച. നോട്ടു നിരോധനം, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്‌മ തുടങ്ങി മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകണം പ്രചാരണമെന്നതാണ് പ്രവര്‍ത്തകസമിതിയുടെ പൊതുവികാരം.
58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണിത്.