എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ സംഘര്‍ഷം. പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രിയങ്കയുടെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെത്തി മുദ്രവാക്യം വിളിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
ഇതിനിടെ പ്രിയങ്ക മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ മാല അണിയിക്കുകയും പുഷ്പാര്‍ചന നടത്തുകയും ചെയ്തു. അടിപിടിക്കു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തി പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി. പ്രതിമ ഗംഗാ നദിയിലെ വെള്ളം ഉപയോഗിച്ചു ശുദ്ധീകരണം നടത്തി.
ബിജെപി മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു 'സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്' എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.