റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കും. പ്രതിരോധ മേഖലയിലുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഇരുവരും ഇന്ന് ഒപ്പുവയ്ക്കും. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും ഇന്ന് ചര്‍ച്ചയുണ്ടാകും.
വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയില്‍നിന്നു വാങ്ങുന്നതു സംബബന്ധിച്ച കരാറാണ് ഇന്ന് ഒപ്പുവെക്കുന്നതില്‍ പ്രധാനം.39,000 കോടി രൂപയ്ക്ക് 5 എസ് 400 മിസൈലുകള്‍ ഇന്ത്യ വാങ്ങുമെന്നാണു സൂചന.
റഷ്യയില്‍നിന്നു 4 ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്‌യാര്‍ഡില്‍ നിര്‍മിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
19-ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പങ്കെടുക്കുന്ന പുടിന്‍, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇന്ത്യയിലെത്തിയ പുടിനു ഉജ്വല സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വീകരിച്ചു. ഇന്ന് വൈകീട്ട് പുടിന്‍ തിരിച്ചു പോകും.