കനത്ത ചൂടില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് നാട്ടില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് അവയുടെ ഗുണനിലവാരം കുറയാന്‍ കാരണമാവുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട പല മരുന്നുകളും ശീതീ കരണ സംവിധാനമില്ലാത്ത സ്ഥലങ്ങളിലാണ് മെഡിക്കല്‍ സ്‌റ്റോറുകളിലും ആശുപത്രികളിലും സൂക്ഷിക്കുന്നത്.
ഏകദേശം 40 ശതമാനത്തിലധികം മരുന്നുകള്‍ 25 മുതല്‍ 30 ഡിഗ്രിവരെ താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്. ഇതില്‍ കൂടുകയോ കുറയുകയോ ചെയ്യാന്‍ പാടില്ല. മരുന്ന് ഉത്‌പാദകര്‍ കൃത്യമായ താപനിലയില്‍ സൂക്ഷിച്ച് മൊത്തവിതരണ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന മരുന്നുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് എത്തിച്ച് നല്‍കുന്നത് യാതൊരു ശ്രദ്ധയുമില്ലാതെയാണ്.
പ്രമേഹ രോഗബാധിതര്‍ പതിവായി ഉപയോഗിക്കുന്ന ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത് രണ്ട് മുതല്‍ എട്ട് ഡിഗ്രിവരെ താപനിലയിലാണ്. എന്നാല്‍ മൊത്തവ്യാപാരികള്‍ ചെറുകിടവ്യാപാരികള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ ഇത് പാലിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കൂട്ടില്‍ ഇന്‍സുലിന്‍ കുപ്പികള്‍ വെച്ച് അതോടൊപ്പം ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിട്ടുള്ള രണ്ടോ മൂന്നോ ചെറിയ കുപ്പി തണുപ്പിച്ച/ഐസ് പോലെയാക്കിയ വെള്ളം കൂടി വെച്ച് പാക്ക് ചെയ്‌താണ് ഇവര്‍ ഇത് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 40 ഡിഗ്രിക്കും മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.
മരുന്നുകള്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശങ്ങള്‍ മിക്ക മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പാലിക്കുന്നില്ല. മിക്ക മരുന്നുകളും 25 ഡിഗ്രിക്ക് താഴെയുള്ള താപനിലയില്‍ സൂക്ഷിക്കണമെന്ന് മരുന്ന് കമ്പനികള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. താപനില വര്‍ധിക്കുന്നതോടെ മരുന്നിന്റെ രാസഘടനയില്‍ മാറ്റം സംഭവിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകള്‍ രോഗി ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏറ്റവും താഴ്‌ന്ന താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ മാത്രമാണ് ശീതീകരിച്ച് സൂക്ഷിക്കുന്നത്.
ബാക്കിയുള്ള മരുന്നുകള്‍ എയര്‍കണ്ടീഷന്‍ മുറിയില്‍ വെക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല. ഇതിനെതിരെ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. വിദേശ രാജ്യങ്ങളില്‍ ഔഷധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മുറികളും ഫ്രീസര്‍ അടക്കമുള്ള വസ്‌തുക്കളും മണിക്കൂര്‍ ഇടവിട്ട് താപനില പരിശോധനക്ക് വിധേയമാക്കുകയും ക്രമീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനം നിലവിലുണ്ട്.