• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റഫാല്‍ രേഖകള്‍ മോഷണം പോയെന്ന്‌ താന്‍ വാദിച്ചിട്ടില്ലെന്ന്‌ എജി

റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷണം പോയെന്നു വാദിച്ചിട്ടില്ലെന്നു അറ്റോര്‍ണി ജനറല്‍ (എജി) കെ.കെ.വേണുഗോപാല്‍. യഥാര്‍ഥ രേഖകളുടെ പകര്‍പ്പ്‌ ഹര്‍ജിക്കാര്‍ ഉപയോഗിച്ചെന്നാണ്‌ പറഞ്ഞതെന്ന്‌ വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രേഖകള്‍ മോഷണം പോയെന്ന പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരിനും കാണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ എജിയുടെ വിശദീകരണം.

സര്‍ക്കാര്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ പകര്‍പ്പ്‌ ഉപയോഗിച്ചാണ്‌ ഹര്‍ജിക്കാര്‍ റഫാല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടതെന്നു കോടതിയില്‍ വ്യക്തമാക്കാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍ പ്രതിപക്ഷം ഈ വാക്കുകള്‍ വളച്ചൊടിച്ചു. യഥാര്‍ഥ രേഖകള്‍ മോഷണം പോയെന്നു സൂപ്രീംകോടതിയില്‍ വാദിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നു വേണുഗോപാല്‍ പറഞ്ഞു.

വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികള്‍ക്കു മുന്നോടിയായി ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു എജി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്‌. രേഖകള്‍ പ്രസിദ്ധീകരിച്ച ദ്‌ ഹിന്ദു ഉള്‍പ്പെടെ രണ്ടു പ്രസിദ്ധീകരണങ്ങള്‍ക്കും മുതിര്‍ന്ന അഭിഭാഷകനുമെതിരെ നടപടി വേണമെന്നും എജി പറഞ്ഞിരുന്നു.

Top