ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഴിമതികള്‍ അക്ഷരമാലാക്രമത്തില്‍ പട്ടികയാക്കി പ്രസിദ്ധീകരിച്ച് വെബ്സൈറ്റ്. www.corruptmodi.com എന്ന വെബ്സൈറ്റാണ് ബിജെപി സര്‍ക്കാരുകളുടെ അഴിമതിക്കഥകള്‍ അക്കമിട്ട് നിരത്തി രംഗത്തെത്തിയത്.
A മുതല്‍ Z വരെ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരോ അക്ഷരത്തിലും ക്ലിക്ക് ചെയ്യുമ്ബോള്‍ ആ അക്ഷരത്തില്‍ ആരംഭിക്കുന്ന അഴിമതികളുടെ വിവരങ്ങള്‍ ലഭ്യമാകും വിധമാണ് സൈറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. അസം സിവില്‍ സര്‍വീസ് പരീഷാ അഴിമതി മുതല്‍ സുബിന്‍ ഇറാനി(കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ഭര്‍ത്താവ്)യുടെ ഭൂമി തട്ടിപ്പ് കേസ് വരെ ഉള്‍പ്പെടുന്നതാണ് അഴിമതി പട്ടിക. ഓരോ അഴിമതിയുടെയും വിവരങ്ങളടങ്ങിയ ചെറുകുറിപ്പും വിശദമായ വായനക്ക് അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ലിങ്കും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
'കറപ്‌റ്റ് മോഡി' വെബ്‌സൈറ്റ്
2014ലെ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതി ആരോപണങ്ങളില്‍പ്പെട്ടുലഞ്ഞിരുന്ന കോണ്‍ഗ്രസിനെ മോഡിയും ബിജെപിയും അഴിമതിവിരുദ്ധരാണ് എന്ന പരസ്യങ്ങളിലൂടെയാണ് ബിജെപി നേരിട്ടത്. എന്നാല്‍ ഭരണത്തിലേറി നാല് വര്‍ഷത്തിനകം നിരവധി അഴിമതിയാരോപണങ്ങളില്‍ മറുപടിയില്ലാതെ നട്ടംതിരിയുന്ന ബിജെപിയെ കണക്കിന് പരിഹസിക്കുകയാണ് സൈബര്‍ ലോകം. ട്രോളുകളിലൂടെയും ട്വീറ്റുകളിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് അഴിമതികളുടെ പട്ടികയും വിശദാംശവും നിരത്തി 'കറപ്റ്റ് മോഡി' വെബ്‌സൈറ്റ് രംഗത്തെത്തിയിരിക്കുന്നത്. വെബ്‌സൈറ്റ് ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിട്ടുണ്ട്.