തടസവാദങ്ങള്‍ തള്ളി അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് ലാല്‍ ഉന്നയിച്ച വാദങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
രാഹുല്‍ ഗാന്ധിക്കെതിരെ മൂന്ന് പ്രധാന ആരോപണങ്ങളാണ് ധ്രുവ് ലാല്‍ ഉന്നയിച്ചിരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്‌ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടിഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രധാന ആരോപണം. ജനപ്രാതിനിധ്യ നിയമ പ്രകാരം ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന വാദമായിരുന്നു ഉയര്‍ത്തിയിരുന്നത്.
രാഹുല്‍ ഗാന്ധി എങ്ങനെയാണ് ബ്രിട്ടിഷ് പൗരനായതെന്നും അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെ ഇന്ത്യന്‍ പൗരത്വം ലഭിച്ചു എന്നുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കാതെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. അതുപോലെ കമ്പനിയുടെ ആസ്‌തിയെ കുറിച്ചും ലാഭവിഭിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പിലും അടിസ്ഥാനരഹിതമായ ആരോപണം ഉയരാറുണ്ടെന്നും ആവശ്യമായ രേഖകള്‍ വരാണാധികാരി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ കെ സി കൗശിക് അറിയിച്ചത്.