രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഎമ്മില്‍നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നതിനിടെയാണിത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ വൈരുദ്ധ്യമാണ് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ അമുല്‍ പുത്രന്‍ എന്ന് വിളിച്ചത് ഇന്നും പ്രസക്തമാണെന്ന് വിഎസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസിലാക്കാതെ, ശിശുസഹജമായ വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ടായിരുന്നു രാഹുലിനെക്കുറിച്ച് അന്നങ്ങനെ പറഞ്ഞത്. മദ്ധ്യ വയസിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ലെന്നും വിഎസ് പറയുന്നു. ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുന്ന നടപടിയാണ് രാഹുല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
വയനാട്ടില്‍ രാഹുല്‍ വന്നാലും ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതോടെ ബിജെപിയാണ് മുഖ്യശത്രു എന്ന കോണ്‍ഗ്രസിന്റെ വാദം പൊളിച്ചടുക്കപ്പെടുകയാണ്. ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നും വിഎസ് തന്റെ കുറിപ്പില്‍ പറയുന്നു.