തുറന്ന സംവാദത്തിന് ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'തുഗ്ലക്ക് റോഡ് തെരഞ്ഞെടുപ്പ് അഴിമതി' നടക്കുകയാണ് രാജ്യത്തെന്ന പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടെയുള്ളവരുടെ ബന്ധുക്കളുടെയും അനുയായികളുടെയും വീടുകളില്‍ നടത്തിയ റെയ്ഡുകളെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
''എനിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടിയെടുത്താലും ഭയമില്ല'', രാഹുല്‍ പറഞ്ഞു. റായ്ബറേലിയില്‍ സോണിയയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. അടുത്ത അഞ്ച് വര്‍ഷം അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് നേതാക്കളെ ഒരോരുത്തരെയും ജയിലിലിടുമെന്ന മോദിയുടെ പ്രസംഗം രാഹുല്‍ തള്ളി.
''മോദി തോല്‍വിയ്ക്ക് അതീതനല്ല, ഈ തെരഞ്ഞെടുപ്പ് ഇക്കാര്യം തെളിയിക്കും.'' രാഹുല്‍ പറഞ്ഞു.