• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അര്‍ണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍

പന്തളം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്കിലും ചാനല്‍ ചര്‍ച്ചകളിലും ഘോരവാദങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. സേവ് ശബരിമല പ്രക്ഷോഭത്തിന് ആളെക്കൂട്ടാനും രാഹുല്‍ ഈശ്വര്‍ മുന്‍നിരയിലുണ്ട്.

ശബരിമലയ്ക്ക് വേണ്ടി ധര്‍മ്മയുദ്ധത്തിന് തന്നെ തയ്യാറാവാനാണ് രാഹുല്‍ ഈശ്വറിന്റെ ആഹ്വാനം. തന്റെയടക്കമുള്ളവരുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഫെമിനിച്ചികള്‍ മല ചവിട്ടുകയുള്ളൂ എന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല വിധി വന്ന ദിവസം തന്നെ കളിയാക്കിയ അര്‍ണബ് ഗോസ്വാമിയെ വെല്ലുവിളിച്ചും രാഹുല്‍ രംഗത്ത് വന്നിരിക്കുന്നു.

അര്‍ണബ് പരിഹസിച്ചു .

മലയാളം ചാനലുകളില്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താചാനലുകളിലും ഹിന്ദുക്കളുടെ പ്രതിനിധിയായി ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് രാഹുല്‍ ഈശ്വര്‍. സംഘപരിവാറിനോട് ചായ്വുള്ള അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലും പതിവ് മുഖമാണ് രാഹുലിന്റെത്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അര്‍ണബ് തന്നെ പരിഹസിച്ചു എന്നാണ് രാഹുല്‍ പറയുന്നത്.

 

വിധി വന്ന ദിവസം

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച്‌ കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ദിവസമാണത്രേ അര്‍ണബ് പരിഹസിച്ചത്. ചര്‍ച്ച തുടങ്ങും മുന്‍പ് തന്നെ കണ്ടപ്പോള്‍ ശബരിമലയ്ക്ക് ആദരാഞ്ജലികള്‍ എന്ന് അര്‍ണബ് പറഞ്ഞതായും അത് കേട്ട് തൃപ്തി ദേശായി അടക്കമുളള ഫെമിനിച്ചികള്‍ തന്നെ നോക്കി ചിരിച്ചതായും രാഹുല്‍ പറയുന്നു.

 

ശബരിമലയ്ക്ക് എന്റെ ആദരാഞ്ജലികള്‍

എന്നാല്‍ തന്നെ പരിഹസിച്ചവര്‍ ഇനിയുള്ള കളികള്‍ കാണാനിരിക്കുന്നതേ ഉള്ളൂ എന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: എന്നെ കണ്ടപ്പോള്‍ കുറച്ചു friendly പുച്ഛത്തോടെ, അര്‍ണാബ് ഗോസ്വാമി തമാശയായി പറഞ്ഞു - My Condolences to Sabarimala

ഫെമിനിച്ചികള്‍ പരിഹസിച്ചു

ചുറ്റും കൂടിയിരുന്ന ഫെമിനിച്ചികള്‍, തൃപ്തി ദേശായി, author ആയ Anand Neelakantan അടക്കം കളിയാക്കി ചിരിച്ചു. Exactly 10 days to Go. ഞാന്‍ പറഞ്ഞു - "അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങള്‍ 'Company കാണാന്‍ ഇരിക്കുന്നതെ ഉള്ള്‌. അര്‍ണാബ് ഗോസ്വാമി പറഞ്ഞു - "i didnt understand".. ഞാന്‍ മറുപടി കൊടുത്തു - വരുന്ന ദിവസങ്ങളില്‍ മനസിലായിക്കൊള്ളും" U will for sure understand, Arnabji.. എന്നാണ് പോസ്റ്റ്.

 

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് നിഷിദ്ധമാണ് എന്ന വാദമാണ് രാഹുല്‍ ഈശ്വറും കൂട്ടരും തുടക്കം മുതല്‍ ഉന്നയിക്കുന്നത്. ശബരിമല നട തുറക്കുമ്ബോള്‍ ദര്‍ശനത്തിന് സ്ത്രീകളെത്തിയാല്‍ അവരെ തടയുമെന്നും രാഹുല്‍ ഈശ്വറും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

തീവ്ര ഹിന്ദുക്കളുടെ ഗൂഢാലോചന

ശബരിമല വിവാദം തീവ്ര ഹിന്ദുക്കളുടെ ഗൂഢാലോചനയാണ് എന്നൊരു വാദം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വെച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ധര്‍മ്മയുദ്ധത്തിനാണ് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്യുന്നത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയില്‍ അയ്യപ്പ ജെല്ലിക്കെട്ട് നടത്താനും രാഹുല്‍ ആവശ്യപ്പെടുന്നു.

 

ധര്‍മ്മ യുദ്ധം ശക്തമാക്കണം

കഴിഞ്ഞ ദിവസം ഇതേക്കുറിച്ച്‌ രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിങ്ങനെയാണ്: ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള ധര്‍മ്മ യുദ്ധം ശക്തമാക്കണം എന്നാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ് തുടങ്ങുന്നത്: 100 കണക്കിന് സ്ഥലങ്ങളില്‍ ആയിരകണക്കിന് ജനങ്ങളാണ്, ഭക്തരാണ് പ്രതിരോധത്തിനായി അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി മുന്നോട്ടു വരുന്നത്.

 

ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം

കോടതി വഴി നമ്മുടെ നിയമ ടീം നോക്കിക്കോളും. നമ്മള്‍ ഭക്തര്‍ തമിഴ് സഹോദരങ്ങള്‍ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണം. ഇതു സ്വാമി അയ്യപ്പന് വേണ്ടി, ശബരിമലക്ക് വേണ്ടി.. എല്ലാ ദേവാലയങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മ്മ യുദ്ധം ആണ്. മഹാ പ്രക്ഷോഭം 10 ഓളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ദുബായ്, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള ദേശങ്ങളില്‍ നിന്നും വലിയ പിന്തുണ വരുന്നുണ്ട് എന്നാണ് പോസ്റ്റ്.

Top