• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്‌റ്റുകളെ കയറ്റാന്‍ ഉന്നത ഗൂഢാലോചന: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്‌റ്റുകളെ കയറ്റാന്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുകയാണെന്ന് അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. അങ്ങനെ സംഭവിച്ചാല്‍ നവംബര്‍ 13ന് സുപ്രീം കോടതിയിലെ കേസില്‍ നമ്മള്‍ പരാജയപ്പെടും. ഇത് ഒഴിവാക്കാന്‍ എല്ലാ അയ്യപ്പ ഭക്തരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ രക്തം വീഴ്‌ത്തുമെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത രാഹുല്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു.

 

 

അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ജാമ്യം കിട്ടിയത്. നവംബര്‍‌ അഞ്ചിന് ശബരിമലയില്‍ താന്‍ ഉണ്ടാവണമെന്ന് അയ്യപ്പന്‍ തീരുമാനിച്ചത് കൊണ്ടാകാം തനിക്ക് ജാമ്യം ലഭിച്ചത്. നവംബര്‍ അഞ്ചിന് ഫെമിനിസ്‌റ്റുകളെ ശബരിമലയിലേക്ക് തിരുകിക്കയറ്റാന്‍ ഉന്നത ഗൂഢാലോചന നടക്കുകയാണ്. നവംബര്‍ അഞ്ച് അഞ്ച് മണിക്ക് ശേഷമായിരക്കും രഹസ്യമായി ചിലരെ ശബരിമലയിലെത്തിക്കുക. ഇത് തടയണം.

തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഫെമിനിച്ചികള്‍ മല ചവിട്ടൂ. ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പോലും തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയ്യപ്പഭക്തന്മാരുടെ ശക്തിയെ ഭയന്നിട്ടാണിതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.

Top