ബെംഗളൂരു∙ പ്രതിപക്ഷ പാർട്ടികളുടെ വിശാലഐക്യം രൂപീകരിച്ചാൽ 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ഒരുമിച്ചാൽ ബിജെപി മാത്രമല്ല വാരാണസിയിൽ മോദി വരെ പരാജയം രുചിക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജനാശിർവാദ യാത്ര’യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യത്തിലെ വിവിധ പാർട്ടികളും അവയുടെ പ്രാദേശിക നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ ഭരണം പെട്ടെന്നുള്ള ഒന്നാണ്. ഇതു വർഷങ്ങളോളം കാണാൻ സാധിക്കുന്ന ഒന്നല്ല. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ പിന്നെ ബിജെപി വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമർത്തുന്നവരോ ജനജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോൺഗ്രസുകാർ.